- ഉർജിത് പട്ടേലിന്റെ രാജിയില്ല *ആർ.ബി.ഐ വിപണിയിലേക്ക് കൂടുതൽ പണമൊഴുക്കും *ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് വായ്പ ഉദാരമാക്കും
മുംബൈ/ന്യൂദൽഹി- കേന്ദ്ര സർക്കാരുമായുള്ള ശീതസമരത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന നിർണായ റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് യോഗത്തിൽ മഞ്ഞുരുക്കം. മുംബൈയിൽ ഒമ്പത് മണിക്കൂറോളം നീണ്ട യോഗത്തിൽ പ്രതിസന്ധി അയയുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. സർക്കാരുമായി ഏറ്റുമുട്ടിലെന്ന പ്രതീതി സൃഷ്ടിച്ചിരുന്ന ആർ.ബി.ഐ ഗവർണർ ഉർജിത് പട്ടേൽ രാജിവെച്ചില്ലെന്ന് മാത്രമല്ല, സർക്കാരിന്റെ പല ആവശ്യങ്ങളും യോഗം അംഗീകരിക്കുകയും ചെയ്തു.
ധന വിപണിയിലേക്ക് റിസർവ് ബാങ്ക് കൂടുതൽ പണം ഒഴുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ വായ്പ നൽകുന്നതിന് റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന 11 പൊതുമേഖലാ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ ഇളവുകൾ ലഭിക്കും. കൂടാതെ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ഉദാര വ്യവസ്ഥകളിൽ വായ്പ നൽകാനും ധാരണയായി. നോട്ട് നിരോധനം മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായികളെ തെരഞ്ഞെടുപ്പ് വർഷത്തിൽ ആകർഷിക്കാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 12 കോടിയോളം പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
കേന്ദ്ര സർക്കാരിന്റെ ആവശ്യ പ്രകാരം റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽനിന്ന് സർക്കാരിന്റെ വികസന ആവശ്യങ്ങൾക്ക് പണം നൽകാൻ യോഗത്തിൽ ധാരണയായെന്നാണ് വിവരം. ഇതിനുള്ള ചട്ടക്കൂട് തയാറാക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കാനും തീരുമാനമായി. ആർ.ബി.ഐയും സർക്കാരും തമ്മിലുള്ള പ്രധാന തർക്കം ഇക്കാര്യത്തിലായിരുന്നു.
റിസർവ് ബാങ്കിന് 3.6 ലക്ഷം കോടി രൂപയുടെ കരുതൽ ധനശേഖരമുണ്ടെന്നും ഇതിൽനിന്ന് ഒരു വിഹിതം വികസന പ്രവർത്തങ്ങൾക്ക് അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം ആർ.ബി.ഐ നേരത്തെ തള്ളിയിരുന്നു. അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനുള്ളതാണ് കരുതൽ ധനശേഖരം എന്നാണ് ആർ.ബി.ഐ ചൂണ്ടിക്കാട്ടിയത്. ഇതേതുടർന്ന് കരുതൽ ധനശേഖരം വിട്ടുകിട്ടാൻ ആർ.ബി.ഐ നിയമത്തിലെ ഏഴാം വകുപ്പ് കേന്ദ്രം പ്രയോഗിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. ഇത് റിസർവ് ബാങ്കിന്റെ സ്വയംഭരണാവകാശത്തിലുള്ള കൈകടത്തലാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു.
എന്നാൽ റിസർവ് ബാങ്ക് നിയമ പ്രകാരം മൊത്തം ആസ്തിയുടെ 12 മുതൽ 18.7 ശതമാനം വരെ കരുതൽ മൂലധനം സൂക്ഷിച്ചാൽ മതിയെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇപ്പോഴിത് 27-28 ശതമാനമുണ്ടെന്നും, അതുകൊണ്ട് ഒരു ലക്ഷം കോടി രൂപ വിട്ടുകൊടുക്കാവുന്നതാണെന്നും സർക്കാർ അനുകൂല സാമ്പത്തിക വിദഗ്ധർ പറഞ്ഞിരുന്നു.
ഏതായാലും റിസർവ് ബാങ്ക് ഗവർണറെയും അദ്ദേഹത്തിന്റെ അനുകൂലികളായ ഡയറക്ടർ ബോർഡ് അംഗങ്ങളെയും മെരുക്കാൻ സർക്കാരിന്റെ പ്രതിനിധികൾക്ക് യോഗത്തിൽ കഴിഞ്ഞുവെന്നാണ് വ്യക്തമാവുന്നത്. എസ്. ഗുരുമൂർത്തി, സുഭാഷ് ചന്ദ്ര ഗാർഗ്, രാജീവ് കുമാർ എന്നിവരെ ബോർഡിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്തത് ഈ ലക്ഷ്യത്തോടെയായിരുന്നു.