Sorry, you need to enable JavaScript to visit this website.

സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി  ആർ.എസ്.എസ് ഉപയോഗിക്കുന്നു -കോടിയേരി

തിരുവനന്തപുരം- ഖലിസ്ഥാൻ സിക്ക് തീവ്രവാദികൾ സുവർണ ക്ഷേത്രം പിടിച്ചെടുക്കാൻ ശ്രമിച്ച അതേ മാതൃകയിലാണ് ശബരിമല പിടിച്ചെടുക്കാനായി ആർ.എസ്.എസ് കലാപം സൃഷ്ടിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 
ശബരിമലയിൽ നിരോധനാജ്ഞ ലംഘിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യും. പോലീസിനെതിരെ സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമായി ആർ.എസ്.എസ് ഉപയോഗിക്കുകയാണ്. ഈ അപകടത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കാനാണ് ആർ.എസ്.എസിന്റെ ശ്രമം. വിശ്വാസ സംരക്ഷകർ എന്ന് അവകാശപ്പെടുന്നവർ ശബരിമലയിലെ വിശ്വാസങ്ങൾ ഒന്നൊന്നായി ലംഘിക്കുകയാണ്. വൃശ്ചികം ഒന്നാം തീയതി ഹർത്താൽ നടത്തി ശബരിമല ഭക്തരെ പെരുവഴിയിലാക്കിയ ബി.ജെ.പിക്ക് വിശ്വാസ സംരക്ഷണത്തെക്കുറിച്ച് പറയാൻ അവകാശമില്ല. ശബരിമല വിഷയത്തിൽ പൊതുസമൂഹത്തിൽ നിന്നുണ്ടായ ഒറ്റപ്പെടലാണ് അവരെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. പിണറായി വിജയനെ കടലിൽ എറിയുമെന്നാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ പറയുന്നത്. ആ ആഗ്രഹം അദ്ദേഹം മനസി ൽ വെച്ചാൽ മതി. അഞ്ചു ശതമാനം പോലും ജനങ്ങളുടെ പിന്തുണയില്ലാത്ത സമരവുമായി മുന്നോട്ടു പോകുന്ന ബി.ജെ.പിയുടെ അത്തരം ഭീഷണിയൊന്നും കേരളത്തിൽ വിലപ്പോകില്ല. പ്രകോപനം ഉണ്ടാക്കി കലാപത്തിന് കോപ്പുകൂട്ടുകയാണവർ. ജനങ്ങൾ അവരുടെ പ്രകോപനത്തിൽ വീണു പോകരുതെന്നും കോടിയേരി പറഞ്ഞു. നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഓരോ ദിവസവും ശബരിമലയിലെത്തുന്നതിനു ബി.ജെ.പി പ്രവർത്തകരെയും നേതാക്കളെയും നിശ്ചയിട്ടുണ്ട്. ഇതിനുള്ള സർക്കുലറും ബി.ജെ.പി പുറത്തിറക്കിയിട്ടുണ്ട്. 
ഭക്തരെന്ന വ്യാജേന സന്നിധാനത്തെത്തി കുഴപ്പങ്ങൾക്കു ശ്രമിച്ചവരെയാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റു ചെയ്തത്. പ്രതിഷേധത്തിനു നേതൃത്വം നൽകിയ ആർ. രാജേഷ് മൂവാറ്റുപുഴയിലെ ആർ.എസ്.എസ് കാര്യവാഹക് ആണ്. രാജേഷിനൊപ്പം പിടിയിലായ ആറു പേർ സജീവ ആർ.എസ്.എസുകാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. സന്നിധാനവും നടപ്പന്തലും ബി.ജെ.പി സമര വേദിയാക്കരുത്. സംസ്ഥാന സർക്കാർ യുവതികളെ ശബരിമലയിൽ കയറ്റാൻ തീരുമാനിച്ചിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും ഇത്തരമൊരു നീക്കം നടത്തുന്നില്ല. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ശ്രമം മാത്രമാണ് സർക്കാരിന്റേത്. സ്ത്രീകളെയും കുട്ടികളെയും കവചമാക്കിയുള്ള സമരത്തിനാണു പരിവാർ സംഘടനകൾ ശ്രമിക്കുന്നത്. ശബരിമലയിലെ സുരക്ഷാ കാര്യങ്ങൾ നിലവിൽ കേരളാ പോലീസിന്റെ നിയന്ത്രണത്തിലാണ്. സാഹചര്യങ്ങൾ നിയന്ത്രണാതീതമായാൽ കേന്ദ്ര സേനയെ ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള സഹായം കേന്ദ്രത്തോട് ആവശ്യപ്പെടും. സ്ഥിതി സങ്കീർണമാകാതിരിക്കാൻ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നതിൽ സർക്കാരിന് വൈമനസ്യമില്ലെന്നും കോടിയേരി പറഞ്ഞു.

Latest News