Sorry, you need to enable JavaScript to visit this website.

സമരം സ്ത്രീപ്രവേശനത്തിനെതിരെയല്ല, കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ- ശ്രീധരന്‍ പിള്ള

കോഴിക്കോട് - ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് ബി.ജെ.പിയുടെ സമരമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ല. കമ്യൂണിസ്റ്റുകള്‍ക്കെതിരെയാണ്. അതിനുവേണ്ടിയാണ് കോടിക്കണക്കിന് ഒപ്പുകള്‍ ശേഖരിക്കുവാന്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ പോകുന്നത്. അല്ലാതെ സ്ത്രീകള്‍ വരുന്നോ പോകുന്നോ എന്നുനോക്കാന്‍ വേണ്ടിയല്ല. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധിക്കുന്ന വിശ്വാസികളുണ്ടെങ്കില്‍ അവര്‍ പ്രതികരിക്കും. ബി.ജെ.പി അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ശബരിമലയില്‍ നടന്ന അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ദേവസ്വം മന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ശ്രീനാരായണ ധര്‍മത്തില്‍ വിശ്വസിക്കുന്ന സമുദായക്കാരനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ.സുരേന്ദ്രനും അതേ സമുദായക്കാരനാണ്. മരണശേഷം കുടുംബാംഗങ്ങള്‍ക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കും. ഇത് ശ്രീനാരായണഗുരു തന്നെ പറഞ്ഞിട്ടുണ്ട്. അത് അംഗീകരിച്ച് മാപ്പ് പറയാന്‍ മന്ത്രി കടകംപള്ളി തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

 

Latest News