പോർട്ട് മോർസ്ബി (പാപുവ ന്യൂഗിനി)- മേഖലയിലെ ആധിപത്യത്തെ ചൊല്ലി ഏഷ്യ പസഫിക് ഉച്ചകോടിയിൽ അമേരിക്കയും ചൈനയും തമ്മിൽ വാക്‌പോര്. യു.എസ് വൈസ് പ്രസിഡന്റ് മൈക് പെൻസും, ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങുമാണ് പരസ്പരം കുറ്റപ്പെടുത്തുകയും കടന്നാക്രമിക്കുകയും ചെയ്തത്. ചൈനയുടെ സ്വപ്‌ന പദ്ധതിയായ 'വൺ ബെൽറ്റ് വൺ റോഡിനെ' ചെറിയ രാജ്യങ്ങൾക്കു മേലുള്ള കെണിയെന്ന് പെൻസ് കുറ്റപ്പെടുത്തിയപ്പോൾ, അമേരിക്ക ഫസ്റ്റ് എന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തെ സങ്കുചിത വീക്ഷണമെന്നാണ് സി ജിൻപിങ് ആക്ഷേപിച്ചത്.
ലോകത്തെ തന്നെ രണ്ട് പ്രബല ശക്തികൾ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയതോടെ 21 രാജ്യങ്ങളടങ്ങിയ അപെക് നേതാക്കൾ അന്ധാളിച്ചു. ഇതാദ്യമായി അപെക് ഉച്ചകോടിക്കു ശേഷം സംയുക്ത പ്രഖ്യാപനമുണ്ടായില്ല. ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രത്തലവന്മാരിൽ ചിലർ ഇരു ചേരികളിലുമായി നിലയുറപ്പിച്ചപ്പോൾ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ശ്രമവും പാളി. ഇതാദ്യമായി ഉച്ചകോടിക്ക് ആതിഥ്യമരുളിയ പാപുവ ന്യൂഗിനി പ്രധാനമന്ത്രി പീറ്റർ ഒനീൽ തീർത്തും നിസ്സഹായനായി.
ഉച്ചകോടിയുടെ അവസാന വേളയിൽ കരട് പ്രഖ്യാപനത്തിന് രൂപം നൽകാൻ ലക്ഷ്യമിട്ട് ചൈനീസ് പ്രതിനിധികൾ പാപുവ ന്യൂഗിനി വിദേശ മന്ത്രാലയത്തിൽ ഇരച്ചെത്തിയെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനീസ് വിദേശകാര്യ മന്ത്രി ഷാങ് സിയാവോലോങ് ഇത് നിഷേധിച്ചു.
ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയിൽ ഭാഗഭാക്കാകുന്ന ചെറു രാജ്യങ്ങളെ താക്കീത് ചെയ്യുന്നതായിരുന്നു യു.എസ് വൈസ് പ്രസിഡന്റിന്റെ പ്രസംഗം. പദ്ധതിക്കു വേണ്ടി ചൈന മുടക്കുന്ന പണം ഈ രാജ്യങ്ങളെ കടക്കെണിയിൽ പെടുത്തുമെന്ന് തുറന്നടിച്ച പെൻസ്, പദ്ധതി വരിഞ്ഞുമുറുക്കുന്ന ബെൽറ്റാണെന്നും, വൺവേ റോഡാണെന്നും ആരോപിച്ചു.
എന്നാൽ അതിനു തൊട്ടുമുമ്പ് സി ജിൻപിങ് നടത്തിയ പ്രസംഗത്തിൽ തങ്ങൾക്ക് രഹസ്യ അജണ്ടകളൊന്നുമില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. പദ്ധതിയിൽ പങ്കാളികളാകുന്നവർ കെണിയിൽ പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നീടാണ് അമേരിക്ക ഫസ്റ്റ് എന്നു പറഞ്ഞുള്ള വ്യാപാര സംക്ഷണ നയത്തെ ചൈനീസ് പ്രസിഡന്റ് ചോദ്യം ചെയ്തത്. സങ്കുചിത വീക്ഷണത്തോടെയുള്ള ഈ നയം പരാജയപ്പെടാൻ പോവുകയാണെന്നും സി ജിൻപിങ് താക്കീത് ചെയ്തു.
ഉച്ചകോടിക്കിടെ താൻ ചൈനീസ് പ്രസിഡന്റുമായി രണ്ടു തവണ ചർച്ച നടത്തിയെന്ന് മൈക് പെൻസ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൈനയുമായി നല്ല ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും, എന്നാൽ അവരുടെ നയത്തിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.