- '90 ശതമാനം പീഡന പരാതികളും ഇരയും പ്രതിയും തമ്മിൽ തെറ്റുമ്പോൾ'
കൽക (ഹരിയാന)- ബലാത്സംഗ, പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. ഇത്തരം പരാതികളിൽ 80 മുതൽ 90 ശതമാനത്തിലും ഇരയും പ്രതിയും തമ്മിൽ നേരത്തെ തന്നെ അറിയുന്നവരാണെന്നും ഇവർ തമ്മിൽ തെറ്റുമ്പോഴാണ് പരാതികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശരിക്കും ബലാത്സംഗങ്ങൾ വർധിച്ചിട്ടില്ല. ബലാത്സംഗങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ടാവുന്നുണ്ട്. അക്കാര്യത്തിലുള്ള ആശങ്കകൾ മാത്രമേ വർധിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം പഞ്ച്കുള ജില്ലയിലെ ഒരു ചടങ്ങിൽ പ്രസംഗിക്കവേ പറഞ്ഞു.
ഭൂരിപക്ഷം പരാതികളിലും ഇരയും പ്രതിയും തമ്മിൽ വർഷങ്ങളായി പരിചയമുള്ളവരായിരിക്കും. എപ്പോഴെങ്കിലും ഇവർക്കിടയിൽ തർക്കമുണ്ടാവുമ്പോൾ, അയാൾ തന്നെ ബലാത്സംഗം ചെയ്യുന്നു എന്നു പറഞ്ഞ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നു -ഖട്ടർ പറഞ്ഞു.
പരാമർശം സ്ത്രീ വിരുദ്ധമാണെന്ന് ആരോപിച്ച് കോൺഗ്രസും ആംആദ്മി പാർട്ടിയും രംഗത്തെത്തി. ഖട്ടറിന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും, ഹരിയാന സർക്കാരിന്റെ സ്ത്രീവിരുദ്ധ മനോഭാവം പുറത്തുവന്നിരിക്കുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു. ബലാത്സംഗങ്ങളും കൂട്ടബലാത്സംഗങ്ങളും തടയുന്നതിൽ സർക്കാരിന്റെ പരാജയത്തിന് സ്ത്രീകളെയാണ് കുറ്റപ്പെടുത്തുന്നതെന്നും, ഇത് അധിക്ഷേകരമാണെന്നും സുർജേവാല ട്വീറ്റ് ചെയ്തു.
ഇത്തരം മാനസികാവസ്ഥയുള്ള മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് എങ്ങനെയാണ് സ്ത്രീകൾ സുരക്ഷിതരായിരിക്കുകയെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു.
പരാമർശം വിവാദമായതോടെ ഖട്ടർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അന്വേഷങ്ങളിലൂടെ ലഭിച്ച വസ്തുതകൾ മാത്രമാണ് താൻ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.