റിയാദ് - നിയമ വിരുദ്ധ സൗന്ദര്യവർധക ചികിത്സ നടത്തിയ രണ്ടു വിദേശ യുവതികളെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു. ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നതിന്, ഉറവിടമറിയാത്ത മെഡിക്കൽ പദാർഥങ്ങൾ ശരീരത്തിൽ കുത്തിവെച്ചായിരുന്നു ചികിത്സ. റിയാദിൽ വീടുകൾ സന്ദർശിച്ചാണ് ഇവർ ആവശ്യക്കാർക്ക് നിയമ വിരുദ്ധ ചികിത്സ നൽകിയിരുന്നത്.
തുടർ നടപടികൾക്കായി ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇത്തരത്തിലുള്ള ചികിത്സ അടക്കം ആരോഗ്യ മേഖലയിലെ നിയമ ലംഘനങ്ങളെ കുറിച്ച് 937 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.