Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സിതാറാം കേസരിയെ നീക്കിയത് സോണിയയ്ക്കു വേണ്ടിയെന്ന് മോദി

റായ്പൂര്‍- ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിലെ ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും. ദലിത് നേതാവായിരുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സീതാറാം കേസരിയെ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് നീക്കിയത് സോണിയാ ഗാന്ധിക്കു വഴിയൊരുക്കാന്‍ വേണ്ടിയായിരുന്നെന്നും അദ്ദേഹത്തെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് വലിച്ചു പുറത്തിടുകയായിരുന്നെന്നും മോഡി ആരോപിച്ചു. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനു നേരിയ മുന്‍തൂക്കം നല്‍കുന്ന പ്രവചനങ്ങള്‍ക്കു പിന്നാലെയാണ് മോഡി കോണ്‍ഗ്രസിനെതിരെ കടന്നാക്രമണം രൂക്ഷമാക്കിയത്. കോണ്‍ഗ്രസിന്റെ ഫോണ്‍ ബാങ്കിങ് ആണ് ബാങ്കുകളെ തകര്‍ത്തതെന്നും അവരുടെ ഒരു ഫോണ്‍ വിളിയിലൂടെ ഇഷ്ട മുതലാൡമാര്‍ക്ക് വേഗത്തില്‍ വായ്പകള്‍ നല്‍കിയെന്നും മോഡി ആരോപിച്ചു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ മഹാസമുന്ദില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുള്ള നേതാക്കളോടെല്ലാം കോണ്‍ഗ്രസ് പെരുമാറിയത് മോശമായാണ്. സീതാറാം കേസരിയെ ഓഫീസില്‍ നിന്നും വലിച്ച് പുറത്തെറിയുകയായിരുന്നെന്നും മോദി ആഞ്ഞടിച്ചു. 1996 മുതല്‍ 1998 വരെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു കേസരി.

ഛത്തീസ്ഗഢില്‍ 90 അംഗ നിയമസഭയില്‍ ഇത്തവ കോണ്‍ഗ്രസിന് 47 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. കേവല ഭൂരിപക്ഷം ലഭിക്കാന്‍ 46 സീറ്റു മതി. ബി.ജെ.പിക്കു 39 സീറ്റുകളെ ലഭിക്കൂവെന്നുമാണ് പ്രവചനം. ഇപ്പോള്‍ ബി.ജെ.പിക്ക് 49 സീറ്റുണ്ട്.
 

Latest News