വാഷിംഗ്ടണ്‍- സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്തിമ നിഗമനത്തിലെത്തിയെന്ന വാര്‍ത്തകള്‍ യു.എസ് ഭരണകൂടം നിഷേധിച്ചു. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍വെച്ച് ഖശോഗി കൊല്ലപ്പെട്ടതു സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെന്ന പേരില്‍ പത്രങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നിഷേധം.
യു.എസ് ഗവണ്‍മെന്റ് അന്തിമ നിഗമനത്തിലെത്തിയെന്ന തരത്തില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് വിദേശകാര്യ വക്താവ് ഹീതര്‍ നൗററ്റ് പറഞ്ഞു. ഖശോഗിയുടെ കൊലയുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്. എല്ലാ വസ്തുതകളും വിശദമായി പരിശോധിക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് കോണ്‍ഗ്രസുമായി ആലോചിച്ചും മറ്റു രാജ്യങ്ങളുമായി സഹകരിച്ചും ശ്രമം തുടരുമെന്നും അവര്‍ പറഞ്ഞു.