കോഴിക്കോട് - ശബരിമലയുമായി ബന്ധപ്പെട്ട സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള വാർത്താ ലേഖകരോട് പറഞ്ഞു. ശബരിമലയെ അരാജകാവസ്ഥയിലേക്ക് തള്ളിവിടുകയാണ് സർക്കാർ. ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ പരിധിയിലെ വിഷയമാണെങ്കിലും മറ്റു സംസ്ഥാനത്തെ ജനങ്ങൾ കൂടി ദർശനത്തിനെത്തുന്ന അമ്പലമെന്ന നിലക്ക് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയെയും പട്ടികജാതി മോർച്ച നേതാവ് പി. സുധീറിനെയും എന്തിന് തടഞ്ഞുവെച്ചു? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം.
മറ്റൊരു സമുദായത്തിന്റെ ആരാധനാലയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി വർഷങ്ങളായിട്ടും സർക്കാർ നടപ്പാക്കിയിട്ടില്ല. നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിക്കരുതെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകിയിരിക്കുകയാണ്. അതേസമയം ശബരിമലക്കാര്യത്തിൽ സാവകാശ ഹരജി നൽകില്ലെന്ന് ഇതുവരെ സർക്കാർ വാശിപിടിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഈ വിവേചനം?
ശബരിമലയിൽ വർഷങ്ങളായി നിലനിൽക്കുന്ന സമ്പ്രദായങ്ങൾ മാറ്റുകയാണ് സർക്കാർ. ഇവിടെ ജോലി ചെയ്യുന്ന പോലീസുകാരും അയ്യപ്പന്മാരാണ്. അവർ ബെൽട്ടിന് പകരം തോർത്ത് കെട്ടുകയും ഷൂവും തൊപ്പിയും ധരിക്കാതിരിക്കുകയും ചെയ്യുന്ന രീതിയാണ്. ഇത് അനുവദിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. ശബരിമലയെ കമ്യൂണിസ്റ്റ് സർക്കാർ തകർക്കാൻ ശ്രമിക്കുന്നുവെന്ന ഞങ്ങളുടെ വാദം സമ്മതിക്കുകയാണിതിലൂടെ. ദേവസ്വം ബോർഡിന് പോലും സർക്കാറിന്റെ തീരുമാനം അംഗീകരിക്കാനാവുന്നില്ല.
വിശ്വാസികൾ നടത്തുന്ന സമരങ്ങൾക്ക് ബി.ജെ.പി പിന്തുണ നൽകും. സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അവിടങ്ങളിലെ ബി.ജെ.പി നേതാക്കളുമായി സംസാരിച്ചുവരികയാണ്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തത്തിൽ നിൽക്കുമ്പോൾ ഭക്തർക്ക് പ്രയാസങ്ങൾ നേരിടേണ്ടി വരികയാണ്. ഒരു സൗകര്യവും മണ്ഡലക്കാലത്തേക്ക് വേണ്ടി ഒരുക്കിയിട്ടില്ലെന്ന് മാധ്യമങ്ങൾ തന്നെ തുറന്നു പറയുന്നുണ്ട് -അദ്ദേഹം പറഞ്ഞു.