ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഛത്തീസ്ഗഢിൽ നടത്തിയ പരിഹാസങ്ങൾക്കു മറുപടി നൽകി കോൺഗ്രസ്. ജവഹർലാൽ നെഹ്‌റു ആധുനിക ഇന്ത്യക്ക് അടിത്തറ പാകുമ്പോൾ ബി.ജെ.പിയുടെ മാർഗദർശികളായ ആർ.എസ്.എസുകാർ ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുകയായിരുന്നെന്നാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ തിരിച്ചടിച്ചത്.
നിങ്ങളുടെ മുത്തശ്ശിയോ മുത്തച്ഛനോ വാട്ടർലൈൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടോ, ചെറുപ്പമായിരുന്നപ്പോൾ എങ്ങനെയാണ് കുടിവെള്ളം ലഭിച്ചിരുന്നതെന്ന് ചോദിച്ചു നോക്കൂ എന്നാണ് മോഡി രാഹുലിനെ ചൂണ്ടി പറഞ്ഞത്. എന്നാൽ, നെഹ്‌റു ആധുനിക ഇന്ത്യക്കായി പ്രയത്‌നിച്ചു കൊണ്ടിരുന്നപ്പോൾ ബി.ജെ.പിയുടെ പിതാമഹൻമാർ ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നുവെന്നാണ് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചത്. മോഡിയുടെ പരിഹാസത്തിനെതിരേ കോൺഗ്രസ് നേതാവ് പി.ചിദംബരവും ട്വിറ്ററിൽ മറുപടി നൽകി. മന്ത്രിമാരും നേതാക്കളുമായ കോൺഗ്രസുകാരുടെ പേരെടുത്ത് പറഞ്ഞ് ഓർമിപ്പിച്ചാണ് ചിദംബരം മോഡിക്ക് മറുപടി നൽകിയത്.