പനാജി- ഗോവ മുഖ്യമന്ത്രിയായ മനോഹർ പരീക്കറുടെയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും അസുഖം താരതമ്യം ചെയ്യാനാവില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. മനോഹർ പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച ദുരൂഹത തുടരുന്നതിനിടയിലാണ് സോണിയയുമായി താരതമ്യം ചെയ്യാനുള്ള ബി.ജെ.പി നേതാക്കളുടെ നീക്കം കോൺഗ്രസ് വക്താവ് ചോദ്യം ചെയ്തത്.
പരീക്കർ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും സോണിയാ ഗാന്ധിക്ക് അസുഖം ബാധിച്ചപ്പോൾ അവർ പ്രധാനമന്തി സ്ഥാനമോ ഏതെങ്കിലും കാബിനറ്റ് പദവിയോ വഹിച്ചിരുന്നില്ലെന്നും സുർജേവാല പറഞ്ഞു.
പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കണമെന്ന് കോൺഗ്രസ് ആവർത്തിച്ച് ആവശ്യപ്പെട്ടുവരികയാണ്. കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോഴും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്ത് ദേശീയ ഉപദേശക സമിതി അധ്യക്ഷയായിരുന്നപ്പോഴും സോണിയയുടെ രോഗം വെളിപ്പെടുത്തിയില്ലെന്നാണ് ബി.ജെ.പി മറുചോദ്യം ഉന്നയിക്കുന്നത്. അധികാരത്തിലിരിക്കുമ്പോൾ, പ്രത്യേകിച്ച് ഒരു സംസ്ഥാനത്തെ ഭരണത്തലവനായിരിക്കുമ്പോഴാണ് പൊതുജനങ്ങളുടെ അറിവിലേക്കായി കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു.
എനിക്ക് അഞ്ച് രോഗങ്ങളുണ്ട്. ഉയർന്ന രക്ത സമ്മർദത്തിനു മരുന്ന് കഴിക്കുന്നണ്ട്. നിങ്ങൾ ആവശ്യപ്പെടുന്നതുവരെ ഞാൻ ഇതു വെളിപ്പെടുത്തിയിട്ടില്ല. പൊതുരംഗത്തു തുടരുന്ന എന്റെ എല്ലാ പ്രശ്‌നങ്ങളും വെളിപ്പെടുത്തണമെന്നില്ല. അധികാരത്തിലിരിക്കുമ്പോൾ മാത്രമാണ് ഇതൊക്കെ വെളിപ്പെടുത്താനുള്ള ബാധ്യത -അദ്ദേഹം പറഞ്ഞു.
പരീക്കറുടെ അഭാവത്തിൽ അധികാര ദല്ലാൾമാർ സംസ്ഥാനത്തിന്റെ വിഭവങ്ങൾ ചോർത്തുകയാണെന്ന് കോൺഗ്രസ് വക്താവ് ആരോപിച്ചു.
പാൻക്രിയാറ്റിക് കാൻസർ ബാധിച്ച പരീക്കർ ദൽഹി എയിംസിലെ ചികിത്സക്കു ശേഷം ഗോവയിൽ മടങ്ങിയെത്തിയെങ്കിലും ഒക്ടോബർ 14 നു ശേഷം പൊതുപരിപാടികളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. കാൻസർ ബാധിച്ച അദ്ദേഹത്തിന് വീട്ടിൽ ചികിത്സ തുടരുകയാണെന്ന് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ സ്ഥിരീകരിച്ചിരുന്നു. പ്രതിപക്ഷത്തിനു പുറമെ, ഭരണ മുന്നണിയിലെ സഖ്യകക്ഷികളും പരീക്കർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു വരികയാണ്.