ഖത്തീഫ് - വൻതോതിൽ മദ്യം നിർമിച്ച് വിതരണം ചെയ്തുവന്ന സങ്കേതം കിഴക്കൻ പ്രവിശ്യാ മുജാഹിദീൻ സേനക്ക് കീഴിലുള്ള എമർജൻസി ഫോഴ്സ് കണ്ടെത്തി. വിതരണത്തിന് തയാറാക്കി വെച്ചിരുന്ന 1,02,072 ലിറ്റർ മദ്യം ഇവിടെ നിന്ന് പിടിച്ചെടുത്തു. ഖത്തീഫിലെ 'അബൂ മിഅൻ' എന്ന കൃഷിയിടത്തിലാണ് വൻ മദ്യശേഖരം പിടികൂടിയതെന്ന് മുജാഹിദീൻ സേന വക്താവ് ബന്ദർ അൽമുബാറക് പറഞ്ഞു. മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികകളും സാധനങ്ങളും സേന കണ്ടെടുത്തു. സ്ഥലത്തുനിന്ന് കണ്ടെത്തിയ എത്യോപ്യക്കാരന്റെയും യെമനിയുടെയും പാസ്പോർട്ടുകൾ, മറ്റൊരു യെമനിയുടെ സന്ദർശക കാർഡ് എന്നിവ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയെന്ന് ബന്ദർ അൽമുബാറക് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.