Sorry, you need to enable JavaScript to visit this website.

ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ മെഹുല്‍ ചോക്‌സി മൂന്ന് മാസത്തിനകം മടങ്ങുമെന്ന് അഭിഭാഷകന്‍

മുംബൈ- ഇന്ത്യയെ ഞെട്ടിച്ച 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യം വിട്ട രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സി അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെങ്കില്‍ മൂന്ന് മാസത്തിനകം ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് അഭിഭാഷകന്‍ മുംബൈ കോടതിയെ അറിയിച്ചു. മെഹുല്‍ ചോക്‌സി മൊഴി നല്‍കാവുന്ന അവസ്ഥയിലല്ലെന്നും 59 കാരനായ അദ്ദേഹം അമേരിക്കയില്‍ ചികിത്സ തേടുന്നതിനാണ് കഴിഞ്ഞ ജനുവരിയില്‍ രാജ്യം വിട്ടതെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അന്വേഷണം നീട്ടുക, മൊഴി രേഖപ്പെടുത്തുന്നതിനായി ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ആന്റിഗ്വയില്‍ പോകുക എന്നീ വഴികളാണുള്ളതെന്നും ഇത് സാധ്യമല്ലെങ്കില്‍ ഇന്ത്യയിലെത്തുന്നതിന് മൂന്ന് മാസം അനുവദിക്കണമെന്നും അഭിഭാഷകന്‍ സഞ്ജയ് അബോട്ട് പറഞ്ഞു. ഡോക്ടര്‍മാര്‍ അനുവദിക്കുകയാണെങ്കില്‍ ചോക്‌സിക്ക് ഇന്ത്യയിലേക്ക് മടങ്ങി അന്വേഷണവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച ഹരജിയില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പ്രത്യേക കോടതിയാണ് വാദം കേള്‍ക്കുന്നത്. മെഹുല്‍ ചോക്‌സിയേയും മരുമകനും രത്‌ന വ്യാപാരിയുമായ നീരവ് മോഡിയേയും വിട്ടുകിട്ടുന്നതിനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്. കോടതി ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും തങ്ങള്‍ യഥാസമയം മറുപടി നല്‍കിയിട്ടുണ്ടെന്ന് ചോക്‌സിയുടെ അഭിഭാഷകന്‍ പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പേരിലുള്ള വ്യാജ ഗാരണ്ടി നല്‍കി വിദേശത്തെ ബാങ്കുകളില്‍നിന്ന് കോടികള്‍ തട്ടിയ സംഭവത്തില്‍ മെഹുല്‍ ചോക്‌സിയേയും നീരവ് മോഡിയേയും പ്രതി ചേര്‍ത്തതിനു ശേഷം വിവിധ ഏജന്‍സികളാണ് അന്വേഷണം തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ പി.എന്‍.ബിയെ കബളിപ്പിച്ച് ഇരുവരും ജനുവരിയിലാണ് രാജ്യം വിട്ടത്. ഇരുവരേയും പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ച് ഇവരുടെ 3500 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുന്നതിന് അനുമതി നല്‍കണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ബിസിനസുകാര്‍ക്കും ആന്റിഗ്വ ആന്റ് ബാര്‍ബുഡ ജനുവരി 15-ന് പൗരത്വം അനുവദിച്ചിട്ടുണ്ട്.
---

 

Latest News