Sorry, you need to enable JavaScript to visit this website.

കുർദ് കരുത്തിൽ ഇറാഖ്

ഇറാഖിലെ ഏറ്റവും പ്രതിഭാധനരായ അത്‌ലറ്റുകളും മികച്ച സൗകര്യങ്ങളും പരിചയ സമ്പന്നരായ കോച്ചുമാരുമുള്ളത് തലസ്ഥാന നഗരിയായ ബഗ്ദാദിലല്ല. കുർദ് ഭൂരിപക്ഷമുള്ള വടക്കൻ മേഖലയിലാണ്. 


പാൻ അറബ് ചാമ്പ്യൻഷിപ്പിൽ ഇറാഖ് വനിതാ സൈക്ലിംഗ് ടീം മെഡലുകൾ വാരിയത് ചരിത്ര സംഭവമായിരുന്നു. സ്വയംഭരണ മേഖലയായ കുർദിലെ വനിതകളാണ് ആ നേട്ടത്തിന് ചുക്കാൻ പിടിച്ചത്. ഇറാഖിലെ ഏറ്റവും പ്രതിഭാധനരായ അത്‌ലറ്റുകളും മികച്ച സൗകര്യങ്ങളും പരിചയ സമ്പന്നരായ കോച്ചുമാരുമുള്ളത് തലസ്ഥാന നഗരിയായ ബഗ്ദാദിലല്ല. കുർദ് ഭൂരിപക്ഷമുള്ള വടക്കൻ മേഖലയിലാണ്. അൾജീരിയയിൽ സെപ്റ്റംബറിൽ നടന്ന പാൻ അറബ് ചാമ്പ്യൻഷിപ്പിൽ ഇറാഖ് സൈക്ലിംഗ് ടീം മൂന്ന് മെഡലാണ് നേടിയത്. 1991 മുതൽ സ്വയംഭരണമുള്ള കുർദ് മേഖലയുടെ കായിക കരുത്തിന്റെ വിളംബരമായി ഈ പ്രകടനം. 
റിലേ റെയ്‌സിൽ വെങ്കലം നേടിയ ടീമിലെ നാലു പേരിൽ മൂന്നും കുർദുകളായിരുന്നു. കുർദ് വനിതകൾ വ്യക്തിഗത ഇനത്തിൽ വെള്ളിയും വെങ്കലവും കരസ്ഥമാക്കി. മസ്ദ റഫീഖാണ് വെള്ളി കരസ്ഥമാക്കിയത്. കുർദ് മേഖലയിലെ രണ്ടാമത്തെ വലിയ നഗരമായ സുലൈമാനിയക്കാരിയാണ് മസ്ദ. കുട്ടിക്കാലം മുതൽ ആഗ്രഹിച്ചതാണ് സൈക്ലിംഗിൽ ഇറാഖിനെ പ്രതിനിധീകരിക്കാനെന്നും ആ മോഹം സഫലമായെന്നും ഇരുപതുകാരി പറഞ്ഞു. കുർദ് മേഖലയുടെ തലസ്ഥാനമായ ഇർബിലിലാണ് മസ്ദയുടെ പരിശീലനം. ഇവിടുത്തെ ജനങ്ങളുടെ പിന്തുണയാണ് വിജയത്തിന് ആധാരമെന്ന് മസ്ദ പറഞ്ഞു. 


മുൻകാലത്ത് ഇറാഖിലെ 18 പ്രവിശ്യകളിലും മികച്ച വനിതാ താരങ്ങളുണ്ടായിരുന്നു. വിവിധ കായിക ഇനങ്ങളിൽ സജീവമായ ക്ലബ്ബുകളും നിരവധിയായിരുന്നു. എൺപതുകളിൽ കലാപങ്ങളും സംഘർഷങ്ങളും കനത്തതോടെ സ്ഥിതിഗതികൾ മാറി. അമേരിക്കൻ നേതൃത്വത്തിൽ ഉപരോധം ഏർപ്പെടുത്തിയതോടെ വികസന പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചു. കലാപ സംഘങ്ങൾ നിയമം കൈയിലെടുത്തു തുടങ്ങി. അതോടെ യാഥാസ്ഥിതികർക്ക് മേൽക്കൈ ലഭിച്ചു. വനിതാ കായിക രംഗത്തെയാണ് ഇത് കാര്യമായി ബാധിച്ചത്. 
എന്നാൽ വടക്കൻ മേഖല താരതമ്യേന ശാന്തമായിരുന്നു. കുർദ് വനിതകളുടെ കായിക ഉന്നമനത്തിന് ഇത് വഴിയൊരുക്കി. അതിന്റെ ഗുണമാണ് ഇപ്പോൾ ഇറാഖിലെ ക്ലബ്ബുകളും ദേശീയ ടീമുകളും അനുഭവിക്കുന്നത്. 
തെക്കൻ മേഖലയിലെ യാഥാസ്ഥിതികർക്ക് ഭൂരിപക്ഷമുള്ള പ്രവിശ്യയായ ദിവാനിയയിലെ വനിതാ സൈക്ലിംഗ് ടീം 500 കിലോമീറ്റർ അകലെയുള്ള സുലൈമാനിയയിൽ നിന്ന് ദേശീയ, അന്തർദേശീയ മീറ്റുകൾക്കായി കളിക്കാരികളെ കൊണ്ടുവരികയാണ്. അവർ ഇറങ്ങിയാൽ മെഡൽ ഉറപ്പാണെന്ന് ക്ലബ്ബുകൾക്കറിയാമെന്ന് ഇറാഖ് സൈക്ലിംഗ് ഫെഡറേഷൻ പ്രതിനിധി സാജിദ് സാലിം പറഞ്ഞു. 
കുർദ് മേഖലയിൽ സ്ത്രീകൾക്ക് സാമൂഹിക നിയന്ത്രണങ്ങൾ താരതമ്യേന കുറവാണ്. ഇതാണ് വനിതാ കായിക താരങ്ങൾ ശ്രദ്ധയാകർഷിക്കാൻ കാരണമെന്ന് ഇറാഖ് വോളിബോൾ ചാമ്പ്യനും ക്ലബ് കോച്ചുമായ റാൻഡി മെറ്റി അഭിപ്രായപ്പെട്ടു. അതേസമയം തെക്കൻ മേഖലകളിൽ ഗോത്ര വർഗ ആചാരങ്ങൾ കാരണം വനിതകൾക്ക് സ്വാതന്ത്ര്യം കുറവാണ്. 
ഇർബിലിൽ അകാദ് അയ്ൻകാവ വോളിബോൾ ടീമിന്റെ കോച്ചാണ് മെറ്റി. ആഴ്ചയിൽ മൂന്നു ദിവസം ഇവിടെ പരിശീലനത്തിന് വനിതകൾ എത്തുന്നു. ഏഴു മാസം പ്രായമുള്ള കുഞ്ഞുമായാണ് മിർന നജീബ് എന്ന കളിക്കാരി പരിശീലനത്തിന് വരുന്നത്. പ്രസവം കഴിഞ്ഞ് ആറു മാസം വരെ വ്യായാമം പാടില്ലെന്നാണ് ഉപദേശം കിട്ടിയത്. എന്നാൽ ഞാൻ അധികം കാത്തുനിന്നില്ല -മിർന പറഞ്ഞു. അകാദ് ക്ലബ്ബിലെ കളിക്കാരാണ് സ്ഥിരമായി ഇറാഖ് ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നത്. ഒരു കായിക താരത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഈ പ്രദേശത്തുണ്ട്. ആധുനിക പരിശീലന സജ്ജീകരണങ്ങൾ, ക്ലബ്ബുകൾ, ഒന്നാന്തരം കോച്ചുമാർ -മിർന പറഞ്ഞു. 


സ്‌പോർട്‌സ് ക്ലബ്ബുകൾ കുർദ് മേഖലയിൽ ജനകീയ കേന്ദ്രങ്ങൾ കൂടിയാണ്. ഇവിടെയാണ് ആളുകൾ ഒത്തുകൂടുക. ക്ലബ്ബുകളിൽ ഭക്ഷണശാലകളും വിനോദ സൗകര്യങ്ങളുമുണ്ട്. അതിനാൽ വനിതാ താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ കുടുംബങ്ങൾ കൂടെയെത്തുന്നു. ഇങ്ങനെ വരുന്നവർ ക്ലബ്ബുകൾക്ക് സാമ്പത്തിക സഹായം നൽകാനും തയാറാവാറുണ്ടെന്നും സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇത് ഉപകരിക്കുന്നുവെന്നും ഇറാഖ് വോളിബോൾ ഫെഡറേഷൻ അംഗം ഖാലിദ് ബഷീർ പറഞ്ഞു. മറ്റു മേഖലകളിലെ ടീമുകൾ സ്‌പോർട്‌സ് മന്ത്രാലയത്തിന്റെ ഗ്രാന്റിനായി കാത്തുനിൽക്കണം. മറ്റു മേഖലകളിലും പ്രതിഭകളുണ്ടെങ്കിലും സൗകര്യങ്ങളും പിന്തുണയും കുർദിസ്ഥാനിലാണെന്ന് ഖാലിദ് ബഷീർ കൂട്ടിച്ചേർത്തു.
ഇത്തവണ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കുർദ് മേഖലയിൽ നിന്ന് 11 ടീമുകളുണ്ടായിരുന്നു. മറ്റു മേഖലകളിൽ നിന്നെല്ലാം കൂടി നാലു ടീമുകളും. അതെല്ലാം ബഗ്ദാദിൽ നിന്നുമായിരുന്നു. വനിതാ ബാസ്‌കറ്റ് ബോളിലും കുർദ് ആധിപത്യമാണ്. ദോഹുക്, ഹലബ്ജ, ഇർബിൽ എന്നിവിടങ്ങളിലെല്ലാം വനിതാ ടീമുകളുണ്ട്. മേഖല കൂടുതൽ സുരക്ഷിതമാണ് എന്നതും ദൈനംദിന ജീവിതം അല്ലലില്ലാതെ മുന്നോട്ടു പോവാനുള്ള സാമൂഹിക സാഹചര്യമുണ്ടെന്നതും ഈ കായിക വളർച്ചക്കു കാരണമാണെന്ന് ഇറാഖ് ബാസ്‌കറ്റ് ബോൾ ഫെഡറേഷൻ മേധാവി ഹുസൈൻ അൽഉമൈദി അഭിപ്രായപ്പെട്ടു. ഇറാഖിലെ ഏഴ് വനിതാ ബാസ്‌കറ്റ് ബോൾ ക്ലബ്ബുകളിൽ മൂന്നും കുർദ് മേഖലയിലാണ്. 

 

Latest News