Sorry, you need to enable JavaScript to visit this website.

സച്ചിന്‍ പൈലറ്റിനെ മുസ്ലിംകള്‍ വെള്ളം കുടിപ്പിക്കുമോ; ടോങ്കിലെ സ്ഥാനാര്‍ഥിത്വം വിവാദത്തില്‍

ജയ്പൂര്‍- രാജസ്ഥാനില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ സ്ഥാനാര്‍ഥിത്വം വിവാദത്തില്‍. ടോങ്ക് മണ്ഡലത്തില്‍നിന്നാണ് 41 കാരനായ പൈലറ്റ് മത്സരിക്കുന്നത്. ഈ മണ്ഡലത്തില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്ന പാര്‍ട്ടിയുടെ 46 വര്‍ഷത്തെ പാരമ്പര്യം തകര്‍ത്തുകൊണ്ടാണ് പൈലറ്റിന്റെ സ്ഥനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഇതുതന്നെയാണ് വിവാദത്തിനും കാരണം. താനല്ല, പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചതെന്ന് സച്ചിന്‍ പൈലറ്റ് വിശദീകരിക്കുമ്പോള്‍, മണ്ഡലത്തിലെ  ന്യൂനപക്ഷങ്ങള്‍ക്ക് അത് അംഗീകരിക്കാനാവുന്നില്ല. വലിയ നേതാവ് വരുന്നതുകൊണ്ട് മണ്ഡലത്തില്‍ വികസനമുണ്ടാകുമെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും പൊതുവെ കോണ്‍ഗ്രസ് നീക്കം എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കയാണ്. ആദ്യമായാണ് സച്ചിന്‍ പൈലറ്റ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുസ്ലിം മത്സരിക്കാറുള്ള ടോങ്കില്‍ എപ്പോഴും ആര്‍.എസ്.എസ് നേതാക്കളെയാണ് ബി.ജെ.പി രംഗത്തിറക്കാറുള്ളത്. 1980 മുതല്‍ 2013 വരെ ഇവിടെ മഹാവീര്‍ പ്രസാദായിരുന്നു സ്ഥാനാര്‍ഥി. 2013 ല്‍ അജിത് സിംഗ് മേത്ത മത്സരിച്ചു. ആസന്നമായ തെരഞ്ഞെടുപ്പിലും മേത്തയാണ് ബി.ജെ.പി സ്ഥാനാര്‍ഥി.
സച്ചിന്‍ പൈലറ്റ് 2004 ല്‍ ഡൗസയില്‍നിന്നും 2009 ല്‍ അജ്മീറില്‍നിന്നുമാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ സന്‍വര്‍ ലാല്‍ ജാട്ടിനോട് തോറ്റു. എന്നാല്‍ ജാട്ടിന്റെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അജ്മീര്‍ സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. രഘുശര്‍മയാണ് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന ടോങ്ക് അദ്ദേഹം ലോക്ഭയിലേക്ക് മത്സരിച്ച മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണെങ്കിലും പലകാരണങ്ങളാണ് ഈ മണ്ഡലം സച്ചിന്‍ പൈലറ്റിനുവേണ്ടി തെരഞ്ഞെടുക്കാന്‍ കാരണം.
ടോങ്കിലെ 2,22,000 വോട്ടര്‍മാരില്‍ 40 മുതല്‍ 50 ലക്ഷത്തോളം മുസ്്‌ലിംകളാണ്. 1972ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇവിടെ മുസ്്‌ലിംകളെ തന്നെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ച ഒരു ഘടകം ഇതാണ്.
ടോങ്കിലെ ഏറ്റവും വലിയ മുസ്ലിം കുടുംബമായ സെയ്ദികളുമായി സച്ചിന് അടുത്ത ബന്ധമുണ്ട്. ഡോ. അജ്മല്‍ സെയ്ദിയും സച്ചിന്‍ പൈലറ്റിന്റെ ഭാര്യാ പിതാവായ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ലയും ജയ്പൂരിലെ സവായി മാന്‍ സിംഗ് മെഡിക്കല്‍ കോളേജില്‍ പഠിച്ചപ്പോള്‍ ഒരേ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞവരാണ്. ഫാറൂഖ് അബ്ദുല്ല ടോങ്കിലെ കുടുംബത്തെ സന്ദര്‍ശിക്കാനെത്താറുമുണ്ട്.
ഡോ.അജ്മല്‍ സെയിദിയുടെ ആറാമത്തെ മകനായ സൗദ് സെയ്ദി 2002 മുതല്‍ ഏഴു വര്‍ഷം ടോങ്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. 2008 ലും 2013 ലും ഇദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റിനു ശ്രമിച്ചെങ്കിലും സക്കിയക്കാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. 1985, 1990, 2003, 2008, 2013 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സക്കിയ 1985, 1998, 2008 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു.
മണ്ഡലത്തില്‍ മത്സരിക്കുന്ന സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുമോ എതിര്‍ക്കുമോ എന്ന കാര്യം ബോട്ടണി ബിരദധാരിയും 69 കാരിയുമായ സക്കിയ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങള്‍ നഷ്ടപ്പെട്ടാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തോറ്റും ജയിച്ചും കാലങ്ങളായി തന്റെ കൈയിലുള്ള മണ്ഡലം വിട്ടുകൊടുക്കാന്‍ സക്കിയ തയാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മുസ്്‌ലിംകള്‍ക്കു പുറമെ, 20,000 മുതല്‍ 30000 വരെ ഗുജ്ജാറുകളും 35,000 പട്ടികജാതിക്കാരും 15,000 മാലികളും ടോങ്ക് മണ്ഡലത്തിലുണ്ട്. സച്ചിന്‍ പൈലറ്റ് ഗുജ്ജാറാണ്. പട്ടികജാതിക്കാര്‍,പ്രത്യേകിച്ച് ബൈരവര്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്നു. മുസ്ലിംകളും ഗുജ്ജാറുകളും പട്ടികജാതിക്കാരും പൈലറ്റിന് വോട്ട് ചെയ്താല്‍ സിറ്റിംഗ് എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ അജിത് സിംഗ് മേത്തയെ അനായാസം തോല്‍പിക്കാം.
എന്നാല്‍ എല്ലാ മുസ്്‌ലിംകളും കോണ്‍ഗ്രസിനു പിന്നില്‍ അണിനിരക്കുമോ എന്ന കാര്യം സംശയമാണ്. സക്കിയ ഇതിന്റെ സൂചന നല്‍കിയതിനു പുറമെ, പ്രതിഷേധവുമായി മുസ്്‌ലിംകള്‍ രംഗത്തുവരികയും ചെയ്തു.
ടോങ്കില്‍ സ്വാധീനമുള്ള ചില മുസ്്‌ലിം കുടുംബങ്ങള്‍ സഹകരിക്കാത്തതിനാലാണ് കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റതെന്നും സച്ചിന്‍ പൈലറ്റ് മത്സരിക്കുന്നതിനാല്‍ ഈ കുടുംബങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും പറയുന്നു.
പാരച്യൂട്ടില്‍ സ്ഥാനാര്‍ഥികളെ ഇറക്കില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഇപ്പോള്‍ ടോങ്കില്‍ പുറമെ നിന്നുള്ള സ്ഥാനാര്‍ഥിയെ കെട്ടി ഇറക്കിയിരിക്കയാണെന്നും ബി.ജെ.പി എം.എല്‍.എ മേത്ത പ്രതികരിച്ചു.

 

Latest News