റിയാദ്- കഴിഞ്ഞ വർഷം സൗദിയിലുണ്ടായ വാഹനാപകടങ്ങളിൽ 9031 പേർ മരിച്ചതായി ഔദ്യോഗിക കണക്ക്. 2016 ൽ രാജ്യത്ത് 5,33,380 വാഹനാപകടങ്ങളാണുണ്ടായത്. കഴിഞ്ഞ 2015 നെ അപേക്ഷിച്ച് 2.8 ശതമാനം വർധന. 2015 ൽ 5,18,795 വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്.
കഴിഞ്ഞ കൊല്ലം രാജ്യത്ത് ആകെ മരിച്ചവരിൽ 12.9 ശതമാനവും വാഹനാപകടങ്ങളിലാണ്. ശരാശരി മണിക്കൂറിൽ ഒരാൾ വീതം ദിവസേന 25.5 പേർ വീതം വാഹനാപകടങ്ങളിൽ മരിച്ചു. 2015 ൽ പ്രതിദിന അപകട മരണ നിരക്ക് 22.8 ആയിരുന്നു. കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ 12 ശതമാനം വർധന രേഖപ്പെടുത്തി. 2015 ൽ 8063 പേർക്കാണ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.
കഴിഞ്ഞ വർഷം എഴുപതിനായിരം പേരുടെ മയ്യിത്തുകളാണ് സൗദിയിലെ വിവിധ നഗരസഭകൾക്കു കീഴിലെ ഖബർസ്ഥാനുകളിൽ മറവു ചെയ്തതെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പത്തു വർഷത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് കഴിഞ്ഞ കൊല്ലമാണ്. 2006 മുതൽ 2016 വരെയുള്ള പത്തു വർഷത്തിനിടെ സൗദിയിൽ 78,487 പേർ വാഹനാപകടങ്ങളിൽ മരിച്ചിട്ടുണ്ട്. ഇക്കാലയളവിൽ സൗദിയിൽ ആകെ മരിച്ചവരുടെ എണ്ണത്തിന്റെ 12.1 ശതമാനമാണിത്. പത്തു വർഷത്തിനിടെ സൗദിയിൽ ആകെ മരിച്ചത് 6,49,303 പേരാണ്.
കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ 38,120 പേർക്ക് പരിക്കേറ്റു. ദിവസേന ശരാശരി 108 പേർ. 2015 ൽ അപകടങ്ങളിൽ 336,302 പേർക്കാണ് പരിക്കേറ്റത്. ദിവസ ശരാശരി 103 പേർ. കഴിഞ്ഞ കൊല്ലം അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധനവുണ്ടായി. കഴിഞ്ഞ 11 വർഷത്തിനിടെ 2009, 2013, 2014 വർഷങ്ങളിൽ മാത്രമാണ് അപകടങ്ങളുടെ എണ്ണത്തിലും അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടായത്. അപകട മരണങ്ങളിൽ 2009, 2014 വർഷങ്ങളിൽ കുറവ് രേഖപ്പെടുത്തി.