കൊല്‍ക്കത്ത- സി.ബി.ഐ പോര് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പുതിയ ഏറ്റുമുട്ടലിന് വഴിമരുന്നിടുന്നു. ആന്ധ്ര പ്രദേശിനു പിന്നാലെ പശ്ചിമ ബംഗാളും സംസ്ഥാനത്ത് സി.ബി.ഐക്കു നല്കിയ അനുമതി പിന്‍വലിച്ചു. ഇനി മൂന്‍കൂട്ടി അനുമതി വാങ്ങാതെ ബംഗാളിലും സി.ബി.ഐക്ക് റെയ്ഡുകള്‍ നടത്താനോ കേസുകള്‍ അന്വേഷിക്കുവാനോ കഴിയില്ല. 1989ല്‍ മുന്‍ ഇടതു സര്‍ക്കാര്‍ നല്കിയ പൊതു സമ്മതമാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ചെയ്തത് ശരിയാണെന്ന് കഴിഞ്ഞ ദിവസം മമത പ്രതികരിച്ചിരുന്നു. ഇനി കോടതി അന്വേഷണത്തിന് ഉത്തരവിട്ടാല്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ബംഗാളില്‍ സി.ബി.ഐക്ക് അന്വേഷണം നടത്താന്‍ കഴിയില്ല. ദല്‍ഹി പ്രത്യക പോലീസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐക്ക് ദല്‍ഹിലാണ് പൂര്ണാധികാരങ്ങളുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ അനുമതി പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ രാഷ്ട്രീയ വൈരം തീര്‍ക്കാനുളള ഉപകരണമാക്കി മാറ്റിയിരിക്കുകയാണെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. നായിഡുവിനെ പിന്തുണയ്ക്കുന്നതായി മമതയും കഴിഞ്ഞി ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനിടെ തിങ്കളാഴ്ച മമതയെ കാണാന്‍ നായിഡു കൊല്‍ക്കത്തയില്‍ എത്തുന്നുണ്ട്. അടുത്തയാഴ്ച ദല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ കൂട്ടായ്മയ്ക്കു മുന്നോടിയായാണ് നായിഡുവിന്റെ വരവ്.