കൊളംബൊ- തുടര്‍ച്ചയായ രണ്ടാം ദിവസവും ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞ് അടിപിടികൂടി. ഈയിടെ നിയമിക്കപ്പെട്ട പ്രധാനമന്ത്രി മഹിന്ദ രജപക്ഷയെ അനൂകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് വെള്ളിയാഴ്ച വീണ്ടും ഏറ്റുമുട്ടിയത്. രജപക്ഷ അനുകൂലികളാണ് എതിരാളികള്‍ക്കു നേരെ മുളക് പൊടിയെറിഞ്ഞത്. പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ കസേരയേറും ഉണ്ടായി. സ്പീക്കര്‍ കരു ജയസൂര്യയ്ക്കു നേരേയും ഇവര്‍ കയ്യില്‍ കിട്ടിയവ എടുത്തെറിഞ്ഞു. ഈ ആഴ്ച രണ്ടാം തവണയും രജപക്ഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയം സഭ പാസാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അനകൂലിക്കുന്ന എം.പിമാര്‍ മറുപക്ഷ അംഗങ്ങള്‍ക്കെതിരെ സഭയ്ക്കുള്ളില്‍ ആക്രമണം അഴിച്ചു വിട്ടത്. വെള്ളിയാഴ്ച വീണ്ടും അവിശ്വാസ പ്രമേയം പാസായത് രജപക്ഷയ്ക്ക് തിരിച്ചടിയായി.
മൂന്നാഴ്ച മുമ്പ് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രസിംഗെയെ പുറത്താക്കി പകരം മുന്‍ പ്രസിഡന്റായ രജപക്ഷയെ പുതിയ പ്രധാനമന്ത്രിയായി അവരോധിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റിലേക്ക് കത്തിയുമായി എത്തിയ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയിലെ രണ്ട് അംഗങ്ങളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വെള്ളിയാഴ്ച സഭയ്ക്കുള്ളില്‍ പ്രതിഷേധമുണ്ടായത്. തുടര്‍ന്നാണ് മുളക് പൊടിയേറും കസേരയേറും അരങ്ങേറിയത്. സ്പീക്കറുടെ കസേര വലിച്ച് നടുത്തളത്തിലേക്കിട്ടു. സംഘര്‍ഷം രൂക്ഷമായതോടെ അവിശ്വാസ പ്രമേയ വോട്ട് വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നവംബര്‍ 19ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.