ഹൈദരാബാദ്- ആന്ധ്രാ പ്രദേശില്‍ റെയ്ഡുകള്‍ക്കും കേസ് അന്വേഷണങ്ങള്‍ക്കുമായി കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് ഇനി നേരിട്ടെത്താനാവില്ല. ഇതിനായി നേരത്തെ നല്‍കിയ 'പൊതു സമ്മതം' സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്രവുമായി പുതിയ പോര്‍മുഖം തുറന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി സര്‍ക്കാരിന്റേതാണ് തീരുമാനം. നിയമ പ്രകാരം ദല്‍ഹിയില്‍ മാത്രമെ സി.ബി.ഐക്ക് നേരിട്ട് ഇടപെടാനുള്ള അധികാരമുള്ളൂ. മറ്റു സംസ്ഥാനങ്ങളില്‍ അതതു സര്‍ക്കാരുകളുടെ പൊതു സമ്മതം ആവശ്യമാണ്. ഇതാണ് ആന്ധ്ര പിന്‍വലിച്ചത്. ആന്ധ്രയിലെ കേസുകളില്‍ ഇനി സി.ബി.ഐക്ക് ഇടപെടാനാവില്ല. സി.ബി.ഐക്ക് സംസ്ഥാനത്തുണ്ടായിരുന്നു ചുമതലകള്‍ സംസ്ഥാന അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്തു.
ആന്ധ്രയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സി.ബി.ഐയുടെ അധികാരം നവംബര്‍ എട്ടിന് രഹസ്യ ഉത്തരവിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തു മാറ്റിയത്. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് പുറത്തറിയുന്നത്. മൂന്ന് മാസം മുമ്പാണ് സി.ബി.ഐക്ക് ആന്ധ്രയില്‍ പ്രവര്‍ത്താനധികാരം നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ സ്വന്തം നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്ത് വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്ന് ഈയിടെ നായിഡു ആരോപിച്ചിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതിനു തുടര്‍ന്ന് മാര്‍ച്ചിലാണ് ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം നായിഡു ഉപേക്ഷിച്ചത്.
കഴിഞ്ഞ ആറു മാസത്തിനിടെ സി.ബി.ഐക്കുള്ളില്‍ നടക്കുന്ന സംഭവ വികാസങ്ങളെ തുടര്‍ന്നാണ് ആന്ധ്രയിലെ അനുമതി പിന്‍വലിച്ചതെന്ന് ടി.ഡി.പി വക്താവ് ലങ്ക ദിനകര്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ഒരു ഉപകരമായി നരേന്ദ്ര മോഡി സര്‍ക്കാര്‍ സി.ബി.ഐയെ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.