മുംബൈ- നൃത്തത്തിനെന്ന പേരില്‍ യുവതികളെ വിദേശത്തയച്ച് അന്താരാഷ്ട്ര സെക്‌സ് വ്യാപാരം നടത്തി വന്ന സംഘത്തെ മുംബൈ സിറ്റി ക്രൈംബ്രാഞ്ച് പിടികൂടി. കെനിയ, ബഹ്‌റൈന്‍, ദുബായ് എന്നിവിടങ്ങളിലേക്ക് ഇവര്‍ യുവതികളെ അയച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബോളിവുഡ് കോറിയോഗ്രഫാര്‍ ആഗ്നസ് ഹാമല്‍ട്ടണ്‍ എന്ന 56 കാരിയാണ് രാജ്യന്തര തലത്തിലുള്ള സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കിയിരുന്നത്. അന്ധേരിയിലെ ലോഖണ്ട്‌വാലയില്‍ ഡാന്‍സ് ക്ലാസ് നടത്തുന്ന ഇവരെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ അറസ്‌റ്റോടെയാണ് ഡാന്‍സ് ക്ലാസിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ആഗ്നസ് ചില ബോളിവുഡ് സിനിമകളിലെ നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
യുവതികളെ വിദേശത്തേക്ക് കടത്തിയതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ ആഗ്നസില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏതാനും വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റാക്കറ്റിന്റെ ഭാഗമായി ആഗ്നസ് ഇടയ്ക്കിടെ മലേഷ്യ സന്ദര്‍ശനം നടത്താറുണ്ട്.
കെനിയയിലേക്ക് കടത്തിയ ഒരു യുവതിയെ അവിടെനിന്ന് നാടുകടത്തിയതിനു പിന്നാലെയാണ് റാക്കറ്റിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. കെനിയയില്‍നിന്ന് മടങ്ങിയ യുവതി നേരത്തെ ആഗ്നസിന്റെ സ്റ്റാര്‍ എന്റര്‍പ്രൈസസ് ഡാന്‍സ് ക്ലാസില്‍ പരിശീലനം നേടിയിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന രാജു സുര്‍വെ പറഞ്ഞു. കെനിയയിലെത്തിയ യുവതിയെ അവിടെയുള്ള ഏജന്റ് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. ഒരു വിദേശത്ത് എത്തിച്ചാല്‍ 40,000 രൂപയാണ് ആഗ്നസിനു ലഭിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.