തിരുവനന്തപുരം - ശബരിമല സീസണിൽ പമ്പയിൽ സർവീസ് നടത്താൻ ഇലക്ട്രിക് ബസുകളും. കാനന പ്രദേശമായ ഇവിടെ ഇ -ബസുകൾ വരുന്നതോടെ വാഹന മലിനീകരണം കുറയുമെന്നാണ് പ്രതീക്ഷ. കെ.എസ്.ആർ.ടി.സിയുടെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് സർവീസിന് ഇന്നലെ സംസ്ഥാനത്ത് തുടക്കമായി. ആദ്യഘട്ടമായി 10 ബസുകളാണ് വെറ്റ് ലീസ് അടിസ്ഥാനത്തിൽ വാടകയ്ക്ക് ഓടിക്കുന്നത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ തമ്പാനൂർ ബസ് ടെർമിനലിൽ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി കേരളത്തിലാണ് ഇ-ബസുകൾ സർവീസ് ആരംഭിക്കുന്നത്.
ഉദ്ഘാടന ചടങ്ങിന് ശേഷം ഇലക്ട്രിക് ബസിൽ യാത്ര ചെയ്താണ് മന്ത്രി എ.കെ. ശശീന്ദ്രൻ സെക്രട്ടറിയേറ്റിൽ എത്തിയത്. നഗരത്തിലെ ഭിന്നശേഷി വിദ്യാർഥികൾക്കും വൃദ്ധസദനത്തിലെ അന്തേവാസികൾക്കുമായി കോവളം, ശംഖുംമുഖം, നെയ്യാർ ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇ-ബസിൽ സൗജന്യ ഉല്ലാസയാത്രയും ഒരുക്കി.
സി.എൻ.ജി, എൽ.എൻ.ജി വാതകങ്ങളും ഊർജവും ഉപയോഗിച്ചുള്ള വാഹനങ്ങളാണ് ഇനി നിരത്തുകളിൽ വരേണ്ടതെന്നും അതിനാണ് ഇ-വെഹിക്കിൾ നയം സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായി ഇ-വെഹിക്കിൾ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സിയിൽ ഇത് നടപ്പാക്കുന്നത്. ഒറ്റയടിക്ക് മാറുന്നതിന് പകരം പരീക്ഷണാടിസ്ഥാനത്തിൽ ഇ-ബസ് സർവീസ് നടത്തി ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ പാലിക്കാനാണ് സർക്കാർ തീരുമാനം. ഇനി ഇ-ഓട്ടോ റിക്ഷകൾക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ അനുമതി നൽകാനാണ് സർക്കാർ തീരുമാനം. ഇ-ഓട്ടോകൾ ഓടിക്കാൻ മുന്നോട്ടു വരുന്നവർക്ക് പ്രോത്സാഹനമായി 30,000 രൂപ സബ്സിഡി നൽകുമെന്നും മന്ത്രി അറിയിച്ചു. ചെലവു കുറഞ്ഞ ഇന്ധനങ്ങളിലേക്ക് മാറാനും പരിസ്ഥിതി സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർഡ് കൗൺസിലർ എം.വി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.കെ. രാജൻ, സി.വി. വർഗീസ്, കെ.ജി. പങ്കജാക്ഷൻ, സലിം പി. മാത്യു, ആലീസ് മാത്യൂ, സി.എം. ശിവരാമൻ, മാത്യൂസ് കോലഞ്ചേരി, സയ്യിദ് ഹൈസൽ അലി തുടങ്ങിയവർ സംബന്ധിച്ചു. കെ.എസ്.ആർ.ടി.സി ഡി.എം.ഡി ടോമിൻ ജെ. തച്ചങ്കരി സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ (സൗത്ത് സോൺ) ജി. അനിൽ കുമാർ നന്ദിയും പറഞ്ഞു.