Sorry, you need to enable JavaScript to visit this website.

കർണൻ എവിടെയെന്നറിയില്ല; അറസ്റ്റ് ചെയ്യാനാകാതെ പോലീസ്

ചെന്നൈ- കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി ശിക്ഷിച്ച ജസ്റ്റീസ് കർണനെ പിടികൂടാനുള്ള പോലീസ് ശ്രമം വിജയിച്ചില്ല. ആറുമാസത്തേക്ക് ശിക്ഷിച്ചുള്ള സുപ്രീം കോടതി വിധി വരുന്നതിന് തൊട്ടുമുമ്പ് കൊൽക്കത്തിയിൽനിന്ന് ചെന്നൈയിലെത്തിയ ജസ്റ്റീസ് കർണൻ ചെന്നൈ സർക്കാർ ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു. എന്നാൽ, വിധി വന്നയുടൻ ഗസ്റ്റ് ഹൗസിലെ ബില്ലുകൾ പോലും അടക്കാതെ കർണൻ അവിടെ നിന്ന് മടങ്ങി. കൊൽക്കത്തിയിൽനിന്നുള്ള പോലീസ് സംഘം ചെന്നൈയിലെത്തിയെങ്കിലും കർണനെ കണ്ടെത്താനായില്ല. അയൽസംസ്ഥാനമായ ആന്ധ്രപ്രദേശിലെ ശ്രീകളഹസ്തി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതിന് വേണ്ടിയാണ് കർണൻ പോയത് എന്നാണ് നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 
രാഷ്ട്രപതി പ്രണബ് മുഖർജിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനും കേസിനെതിരെ നിയമപരമായി പോരാടാനും കർണൻ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. 
ജസ്റ്റീസ് കർണൻ കോടതിയലക്ഷ്യം നടത്തിയതായി ചീഫ് ജസറ്റീസ് ജെ.എസ് ഖെഹാർ അടങ്ങിയ ഏഴംഗ ബെഞ്ച് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കർണന് സുപ്രീം കോടതി ആറുമാസത്തെ തടവുവിധിക്കുകയും ചെയ്തു. കർണനെ ഉടൻ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. രാജ്യത്തെ ഇരുപത് ജഡ്ജിമാർ അഴിമതിക്കാരാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് ജസ്റ്റീസ് കർണൻ ശ്രദ്ധാകേന്ദ്രമാകുന്നത്. ഇതിന് പുറമെ സുപ്രീം കോടതി ജഡ്ജിമാരടക്കമുള്ളവരുടെ പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചും കർണൻ ഞെട്ടിച്ചു. കർണന്റെ മാനസിക നിലപരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും തന്നെ പരിശോധിക്കാനെത്തിയ സംഘത്തെ കർണൻ തിരിച്ചയച്ചു. പിന്നീടാണ് കർണന് മാനസിക പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യകേസില്‍ ശിക്ഷിക്കുന്നത്. 
 

Latest News