തിരുവനന്തപുരം- പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടാകുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയതായി പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന സെക്രട്ടറി ഹസനുല്‍ ബന്ന അറിയിച്ചു.
പ്രവാസികള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികളെ പ്രോക്‌സി വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
ഇന്ന് സമയപരിധി അവസാനിച്ചപ്പോള്‍ 25,000ത്തോളം പേരാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ത്തത്. ഈ സാഹചര്യത്തിലാണ് പേര് ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇനിയും അവസരം നല്‍കുന്നത്. പ്രവാസികളെ പരമാവധി തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമാക്കാന്‍ പ്രവാസി സംഘടനകള്‍ കാമ്പയിനുകളും ആസൂത്രണം ചെയ്യുന്നുണ്ട്.