സോള്‍- സുപ്രധാന പീക്ഷയ്ക്ക് ഹാജരാകുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ദക്ഷണി കൊറിയന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം നടത്തിയ മുന്നൊരുക്കങ്ങള്‍ ലോകശ്രദ്ധ നേടി. രാജ്യത്തെ ഏറ്റവും സുപ്രധാന പരീക്ഷയായ ദേശീയ യുണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയ്ക്ക് ഹാജരാകുന്ന കുട്ടികള്‍ക്ക് ശല്യമില്ലാതിരിക്കാനും തടസങ്ങളില്ലാതെ പരീക്ഷാ കേന്ദ്രങ്ങളിലെത്താനും അസാധാരണ നപടിപകള്‍ സ്വീകരിച്ചാണ് ദക്ഷിണ കൊറിയ വേറിട്ടുന്നിന്നത്. ട്രാഫിക്ക് കുരുക്കില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താനും കൃത്യ സമയത്ത് പരീക്ഷാ കേന്ദ്രങ്ങളിലെത്താനു സഹായിക്കാന്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടേയും വന്‍വ്യവസായ സ്ഥാപനങ്ങളുടേയും ഓഹരി വപിണിയുടേയും പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ വൈകിപ്പിച്ചു. ട്രാഫിക്ക് കുരുക്കില്‍പ്പെടുന്നവരെ വേഗത്തില്‍ രക്ഷപ്പെടുത്താന്‍ കാറുകളും ബൈക്കുകളുമായി പോലീസ് ജാഗ്രതയോടെ രംഗത്തിറങ്ങി.
രാജ്യത്തെ എല്ലാ വിമാനത്താവളിങ്ങളിലും വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും 25 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവച്ചു. പറക്കുന്ന വിമാനങ്ങള്‍ പതിനായിരം അടി ഉയരത്തില്‍ നിന്ന് താഴാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കി. പരീക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മാത്രം 134 വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായും ദക്ഷിണ കൊറിയയിലെ ഗതാഗത മന്ത്രാലയം പറയുന്നു.
രാജ്യത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്നതിനുള്ള സുപ്രധാന പരീക്ഷയ്ക്ക് ഇന്ന് ഹാജരായത് 5.95 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്. ഇവർക്കു വേണ്ടിയാണ് ഇതെല്ലാം സര്‍ക്കാര്‍ ചെയ്തു നല്‍കിയത്. ഒമ്പത് മണിക്കൂര്‍ നീളുന്ന പരീക്ഷയാണിത്. യുണിവേഴ്‌സിറ്റികളിലെ വിദ്യാഭ്യാസം സമൂഹത്തിലെ സ്വീകാര്യത കൂട്ടുന്നതും ഉന്നത തല ജോലികള്‍ക്ക് സഹായിക്കുന്നതും വിവാഹ സാധ്യതകളെ പോലും സ്വാധീനിക്കുന്നതുമാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിംഗപൂരിലുള്ള ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷയ്ക്കിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പരീക്ഷയായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. കര്‍ക്കശമായ ചട്ടങ്ങളാണ് പരീക്ഷയ്ക്കുള്ളത്. പരീക്ഷ ഹാളില്‍ ഒരു ഇലക്ട്രോണിക് ഉപകരണവും പാടില്ല. പരീക്ഷാ സമയം അവസാനിക്കാതെ ഹാളില്‍ നിന്നും പുറത്തിറങ്ങാനും പാടില്ല.