ന്യുദല്‍ഹി- തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേടിയ ബിരുദമെന്ന പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ദല്‍ഹി യൂണിവേഴ്‌സിറ്റില്‍ പ്രവേശം നേടിയ ആര്‍.എസ്.എസ് വിദ്യാര്‍്ത്ഥി നേതാവിനെ സംഘടന കൈയൊഴിഞ്ഞു. സെപ്തംബറില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അങ്കിവ് ബയ്‌സോയയാണ് പെട്ടത്. ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും എ.ബി.വി.പി അറിയിച്ചു. യുണിയന്‍ അധ്യക്ഷ പദവി ഒഴിയണമെന്നും എ.ബി.വി.പി അങ്കിവിനോട് ആവശ്യപ്പെട്ടു. വ്യാജ ബിരുദ മാര്‍ക്ക്് ലിസ്റ്റ് സമര്‍പ്പിച്ചതു സംബന്ധിച്ച് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് എ.ബി.വി.പി അറിയിച്ചു. അന്വേഷണം യൂണിവേഴ്‌സിറ്റി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ ആണ് അങ്കിവിന്റെ വ്യാജ ബിരുദം പുറത്തു കൊണ്ടു വന്നത്. ദല്‍ഹി യൂണിവേഴസിറ്റി ബുദ്ധ പഠന വകുപ്പില്‍ അങ്കിവ് പ്രവേശനം നേടിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപേയാഗിച്ചാണെന്നും യൂണിയന്‍ തെരഞ്ഞെടുപ്പിലെ അങ്കിവിന്റെ സ്ഥാനാര്‍ത്ഥിത്വം അസാധുവാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എന്‍.എസ്.യു.ഐ പരാതി നല്‍കിയത്. ഈ പരാതിയില്‍ ദല്‍ഹി യൂണിവേഴ്‌സിറ്റി ഇപ്പോഴും അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. യൂണിയന്‍ തെരഞ്ഞെടുപ്പിലെ നാലു സീറ്റില്‍ മൂന്നിലും എ.ബി.വി.പിക്കായിരുന്നു ജയം. ഇതോടെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അങ്കിവിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ചോദ്യം ചെയ്തു രംഗത്തെത്തി. എങ്കിലും എ.ബി.വി.പി അങ്കിവിനെ പിന്തുണച്ചു.
ഇതുവരെ നടപടി എടുക്കാത്ത എ.ബി.വി.പി ഇപ്പോള്‍ അങ്കിവിനെ പുറ്ത്താക്കിയത് ഹൈക്കോടതി ഈ കേസില്‍ ഉടന്‍ വിധി പറയുമെന്നതിനാലാണ്. നവംബര്‍ 20ന് ഹൈക്കോടതി അങ്കിവിനെ അയോഗ്യനാക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഉണ്ടാകാനിടയുള്ള നാണക്കേട് ഒഴിവാക്കാനാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നതെന്ന് എന്‍.എസ്.യു.ഐ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രുചി ഗുപ്ത പറഞ്ഞു.
അങ്കിവ് വെല്ലൂരിലാണ് പഠിച്ചതെന്ന് അറിഞ്ഞപ്പോള്‍ സംശയം തോന്നുകയും തെളിവുകള്‍ തേടി സര്‍വകലാശാലയെ സമീപിക്കുകയും ചെയ്ത തമിഴ്‌നാട് കോണ്‍ഗ്രസ് നേതാക്കളാണ് വ്യാജ ബിരുദ തെളിവകള്‍ പുറത്തു കൊണ്ടു വന്നത്. അങ്കിവ് ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ തമിഴ്‌നാട്ടിലെ സര്‍വകലാശാലയ്ക്ക് അയച്ചു വെരിഫൈ ചെയ്ത്‌പ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നായിരുന്നു സര്‍വകലാശാലയില്‍നിന്നു ലഭിച്ച രേഖാമൂലമുള്ള മറുപടി. അങ്കിവിന്റെ പേരിലുള്ള ഒരു വിദ്യാര്‍ത്ഥി ഈ കാലയളവില്‍ ഇവിടെ പഠിച്ചിട്ടില്ലെന്നും തിരുവള്ളുവര്‍ സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചിരുന്നു.