തിരുവനന്തപുരം- ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം യു.ഡി.എഫും ബി.ജെ.പിയും ബഹിഷ്ക്കരിച്ചു. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും ഇതില്‍ വെള്ളം ചേര്ക്കില്ലെന്നുമുള്ള നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നതോടെ യു.ഡി.എഫ് ഇറങ്ങിപ്പോയി. മറ്റു കക്ഷികളും ഇറങ്ങിപ്പോയതോടെ പ്രതീക്ഷിച്ച ഫലം യോഗത്തില്‍ ഉരുത്തിരിഞ്ഞില്ല. ചര്‍ച്ച പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. സര്‍ക്കാരിന് പിടിവാശിയാണെന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തയാറായില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാരിന് മുന്‍വിധി ഇല്ലെന്നും കോടതി പറഞ്ഞത് അനുസരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കോടതി വിധിയില്‍ മാറ്റമില്ല. നാളെ മറ്റൊരു കാര്യം പറഞ്ഞാല്‍ അതും നടപ്പിലാക്കും. ജനാധിപത്യ രാജ്യമാണ് നമ്മുടേത്. കോടതി വിധി നടപ്പാക്കുന്ന ദുര്‍വാശിയുടെ പ്രശ്നമല്ല. വിശ്വാസികള്‍ക്ക് സംരക്ഷണം നല്കു. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞെന്ന് പ്രതികരിച്ചു.