ന്യൂദല്‍ഹി- അടുത്ത റിപ്പബ്ലിക് ദിന ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമപോസ പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ഇന്ത്യയുടെ ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് പുതിയ ലോക നേതാക്കള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഒരു ആഫ്രിക്കന്‍ നേതാവായിരിക്കുമെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയുടെ ക്ഷണം ദക്ഷിണാഫിക്കന്‍ പ്രസിഡന്റ് റമപോസ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ട്രംപിന്റെ തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് വൈറ്റ് ഹൗസ് നേരത്തെ ക്ഷണം നിരസിച്ചത്.
ഫെബ്രുവരിയിലാണ് റമപോസ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി അധികാരമേറ്റത്. നെല്‍സണ്‍ മണ്ഡേല ഭാവി പ്രസിഡന്റായി വിശേഷിപ്പിച്ചിരുന്ന റമപോസ ഗാന്ധിയന്‍ കൂടിയാണ്. ജോഹനസ്ബര്‍ഗിനു സമീപത്തെ ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള ചെറുപട്ടണമായ ലെനാസിയയില്‍ വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള 'ഗാന്ധി യാത്രാ' പദയാത്രാ പരിപാടി ഈ വര്‍ഷം ഏപ്രിലില്‍ നയിച്ചത് റമപോസയായിരുന്നു. അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. ആദ്യമായാണ് ഒരു അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റ് ഈ പദയാത്രയില്‍ പങ്കെടുത്തത്. ഇത്തവണത്തേത് 33ാം വാര്‍ഷിക പരിപാടിയായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വര്‍ഷത്തിലാണ് റമപോസ് ഇന്ത്യയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഗാന്ധിയുടെ മടങ്ങി വരവ് ആഘോഷിക്കുന്ന പ്രവാസി ഭാരതീയ ദിവസ് ഇത്തവണ ജനുവരി അവസാനത്തിലേക്കു മാറ്റി റിപ്ലബ്ലിക് ദിനാഘോഷത്തോട് അടുപ്പിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിലും റമപോസ പങ്കെടുത്തേക്കും.
വര്‍ണ വിവേചന വിരുദ്ധ പേരാളിയും ട്രെഡ് യൂണിയന്‍ നേതാവും വ്യവസായിയുമായ റമപോസ 2014 മുതല്‍ 2018 വരെ ദക്ഷിണാഫ്രിക്കയുടെ ഡെപ്യൂട്ടി പ്രസിഡന്റ് ആയിരുന്നു.