ന്യുദല്‍ഹി- സാമ്പത്തിക നയപരമായ തീരുമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരമാകുന്നതായി റിപോര്‍ട്ട്. വിപണിയേയും നിക്ഷേപകരേയും ആശയക്കുഴപ്പത്തിലാക്കുന്നതിനു മുമ്പ് ഇതിനു പരിഹാരം കാണാനാണു നീക്കം. തിങ്കളാഴ്ച നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള നീക്കങ്ങളില്‍ പുരോഗതിയുണ്ടെന്നാണ് ഈ ചര്‍ച്ചകളുമായി ബന്ധമുള്ള രണ്ട് ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്്. പണലഭ്യത, വായ്പാ നിയന്ത്രണം എന്നീ രണ്ടു വിഷയങ്ങളിലാണ് ഭിന്നത നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൈക്കടത്തുന്നുവെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ പരാതി. എന്നാല്‍ നയങ്ങളില്‍ മാറ്റം വരുത്താന്‍ തയാറാകാതെ റിസര്‍വ് ബാങ്കിനെ വരുതിയില്‍ നിര്‍ത്തുന്ന സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതോടെ ഭിന്നത രൂക്ഷമാകുകയും ഊര്‍ജിത് പട്ടേല്‍ ബോര്‍ഡ് യോഗത്തല്‍ രാജി പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങള്‍ പ്രചരിക്കുകയും ഈ ഭിന്നതയ്ക്ക് പരിഹാരമാകുമെന്നും പട്ടേല്‍ രാജിവയ്ക്കില്ലെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഊര്‍ജിത് പട്ടേലും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
പൊതുമേഖലാ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പാ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ഈ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് സന്നദ്ധരായിട്ടുണ്ട്. ചെറുകിട കമ്പനികള്‍ക്ക് വായ്പാ ലഭ്യത എളുപ്പമാക്കാനാണ് നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് നല്‍കുന്നതെന്നും റിപോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന നടപ്പു വര്‍ഷത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിടയുണ്ടെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ കേന്ദ്രം റിസര്‍വ് ബാങ്കില്‍ നിന്നും ഒരു ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും ആവശ്യപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. 40,000 കോടി രൂപ നവംബറില്‍ വിപണിയിലിറക്കുമെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്. ഇതിന്റെ ഭാഗമായി 12,000 കോടി രൂപ ഇന്ന് വിപണിയിലിറക്കും.