റിയാദ് - പരമാവധി ആറു മാസ കാലാവധിയുള്ള വിസിറ്റ് വിസ വേലക്കാരി വിസയാക്കി മാറ്റുന്നത് ബന്ധപ്പെട്ട വകുപ്പുകൾ അപ്രതീക്ഷിതമായി നിർത്തിവെച്ചത് സൗദി പൗരന്മാർക്ക് തിരിച്ചടിയായി. വൻ തുക ചെലവഴിച്ച് വിസിറ്റ് വിസയിൽ വേലക്കാരികളെ റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന സൗദി പൗരന്മാർക്കാണ് പുതിയ തീരുമാനം തിരിച്ചടിയായി മാറിയത്.
ഇതുവരെ വിസിറ്റ് വിസയിൽ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന വേലക്കാരികളുടെ വിസ രണ്ടു വർഷ കാലാവധിയുള്ള വേലക്കാരി വിസയാക്കി മാറ്റാൻ നിയമം അനുവദിച്ചിരുന്നു. കാലാവധി തീരുന്ന മുറക്ക് ഈ വിസ പുതുക്കുകയും ചെയ്യാമായിരുന്നു. മുൻകൂട്ടി ഉണർത്താതെയും പരസ്യപ്പെടുത്താതെയുമാണ് വിസിറ്റ് വിസ വേലക്കാരി വിസയാക്കി മാറ്റുന്നത് ബന്ധപ്പെട്ട വകുപ്പുകൾ നിർത്തിവെച്ചത്.
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വിപണിയിലെ പ്രതിസന്ധി മൂലം കാൽ ലക്ഷം റിയാലും അതിൽ കൂടുതലും ചെലവഴിച്ചാണ് സൗദി പൗരന്മാർ വിസിറ്റ് വിസയിൽ വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നത്. വിസിറ്റ് വിസയിൽ വേലക്കാരികൾ സൗദിയിലെത്തിയ ശേഷം അവരുടെ വിസ സ്ഥിരം വിസയാക്കി മാറ്റാൻ കഴിയുമെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സൗദി കുടുംബങ്ങൾ വേലക്കാരികളെ വിസിറ്റ് വിസയിൽ റിക്രൂട്ട് ചെയ്തത്.
എന്നാൽ ഇത്തരം വിസകൾ സ്ഥിരം വിസകളാക്കി മാറ്റാൻ കഴിയില്ലെന്ന് പറഞ്ഞ് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ ഇപ്പോൾ ഉത്തരവാദിത്തം ഒഴിയുകയാണ്. തങ്ങളുടെ ഭാഗത്തുള്ള കുറ്റമല്ല, മറിച്ച് ജവാസാത്തും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറും മുൻകൂട്ടി ഉണർത്താതെയും പരസ്യപ്പെടുത്താതെയും വിസിറ്റ് വിസ വേലക്കാരി വിസയാക്കി മാറ്റുന്നത് നിർത്തിവെക്കുകയായിരുന്നെന്നാണ് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പറയുന്നത്.
പുതിയ തീരുമാനം നിരവധി സൗദികൾക്ക് തിരിച്ചടിയായിട്ടുണ്ട്. സൗദി പൗരന്മാരിൽ നിന്ന് ഭീമമായ തുക ഈടാക്കി ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വിസിറ്റ് വിസയിൽ വേലക്കാരികളെ റിക്രൂട്ട് ചെയ്തു നൽകിയിരുന്നത്. വേലക്കാരികളുടെ വിസിറ്റ് വിസ സ്ഥിരം വിസയാക്കി മാറ്റുന്നത് കുറച്ചു കാലത്തേക്ക് കൂടി തുടരണമെന്ന് സൗദി പൗരന്മാർ ആഭ്യന്തര മന്ത്രിയോട് അപേക്ഷിച്ചു. ഇതിനകം റിക്രൂട്ട് ചെയ്തു കഴിഞ്ഞ വേലക്കാരികളുടെ പദവി ശരിയാക്കി അവരുടെ വിസ സ്ഥിരം വിസയാക്കി മാറ്റാൻ കഴിയുന്നതിന് പ്രത്യേക ഇളവ് അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
റിയാദിലെ റിക്രൂട്ട്‌മെന്റ് ഓഫീസ് വഴി നാലു മാസം മുമ്പ് 25,000 റിയാൽ ചെലവഴിച്ചാണ് ഇന്തോനേഷ്യൻ വേലക്കാരിയെ വിസിറ്റ് വിസയിൽ താൻ റിക്രൂട്ട് ചെയ്തതെന്ന് സൗദി പൗരൻ അബൂറാശിദ് പറഞ്ഞു. വേലക്കാരികളുടെ വിസിറ്റ് വിസ സ്ഥിരം വിസയാക്കി മാറ്റുന്നതിന് നേരത്തെ നിയമം അനുവദിച്ചിരുന്നു.
വേലക്കാരിയുടെ വിസിറ്റ് വിസ സ്ഥിരം വിസയാക്കി മാറ്റാൻ ഒന്നിലധികം തവണ താൻ നൽകിയ അപേക്ഷ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. വേലക്കാരിയുടെ വിസാ കാലാവധി അവസാനിക്കാറായിരിക്കുന്നു. ആറു മാസത്തേക്കു മാത്രമായി വേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിന് 25,000 റിയാലും വിസ നീട്ടുന്നതിനുള്ള ചെലവുകളും ടിക്കറ്റും വേതനവും അടക്കമുള്ള ചെലവുകൾ താൻ വഹിക്കേണ്ടിവരുന്നത് യുക്തിക്ക് നിരക്കുന്നതല്ല. റിക്രൂട്ട്‌മെന്റ് ഓഫീസ് അധികൃതരുമായി ആശയ വിനിമയം നടത്തിയപ്പോൾ സ്ഥിരം വിസയാക്കി മാറ്റുന്നത് തങ്ങളുടെ നിയന്ത്രണത്തിൽ പെട്ട കാര്യമല്ലെന്ന ന്യായീകരണം നിരത്തി അവർ ഉത്തരവാദിത്തം ഒഴിയുകയാണെന്നും അബൂറാശിദ് പറഞ്ഞു.
വേലക്കാരികളുടെ വിസിറ്റ് വിസ സ്ഥിരം വിസയാക്കി മാറ്റുന്നത് നിശ്ചിത കാലത്തേക്കെങ്കിലും പുനരാരംഭിക്കണമെന്ന് സൗദി വനിത ഉമ്മു മുഹമ്മദ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ബാങ്കുകളിൽ നിന്നും പരിചയക്കാരിൽ നിന്നും വായ്പയെടുത്തും കടം വാങ്ങിയുമാണ് പലരും വലിയ തുക മുടക്കി വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നത്.
വിസിറ്റ് വിസയിൽ റിക്രൂട്ട് ചെയ്ത വേലക്കാരികളെ തിരിച്ചയച്ച് പുതിയ വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് വഹിക്കാൻ പലർക്കും സാധിക്കില്ല.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് കുറച്ചു കാലത്തേക്കെങ്കിലും വേലക്കാരികളുടെ വിസിറ്റ് വിസ സ്ഥിരം വിസയാക്കി മാറ്റുന്നത് പുനരാരംഭിക്കണമെന്ന് ഉമ്മു മുഹമ്മദ് ആവശ്യപ്പെട്ടു.