വിമാനത്തില്‍ വെള്ളമടിച്ചു പൂസായ ഐറിഷ് യുവതിയുടെ തെറിപൂരം; എയര്‍ ഇന്ത്യാ പൈലറ്റ് നേരിട്ടത് ഇങ്ങനെ- Video

ന്യൂദല്‍ഹി- ലണ്ടനിലേക്കു പറക്കുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട ഐറിഷ് യുവതി പൈലറ്റിനും ജീവനക്കാര്‍ക്കുമെതിരെ തെറിവിളികളും വംശീയാധിക്ഷേപവും നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വെള്ളമടിച്ചു പൂസായിട്ടും വീണ്ടും മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന യുവതിയെ ചൊടിപ്പിച്ചത്. ജീവനക്കാരെ നിരന്തരം ശല്യപ്പെടുത്തിയപ്പോള്‍ കമാന്‍ഡറാണ് വീണ്ടും മദ്യം നല്‍കുന്നത് വിലക്കിയത്. ഇതൊടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് വന്ന് ജീവനക്കാരോടും കോക്പിറ്റിനു പുറത്തിറങ്ങിയ പൈലറ്റിനോടും കയര്‍ത്തു. രൂക്ഷമായ തെറിവിളികള്‍ക്കൊപ്പം പൈലറ്റിനു നേരെ തുപ്പുകയും ചെയ്തു. എന്നാല്‍ പൈലറ്റ് അടക്കമുള്ള എയര്‍ ഇന്ത്യാ ജീവനക്കാര്‍ ക്ഷമയോടെ ഇവരെ കൈകാര്യം ചെയ്ത് കൈയടി നേടി. 

താന്‍ രാജ്യാന്തര മനുഷ്യാവകാശ അഭിഭാഷകയാണെന്നും ഫലസ്തീനികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും യുവതി ആക്രോഷത്തിനിടെ പറയുന്നുണ്ട്. ബിസിനസ് ക്ലാസ് യാത്രക്കാരോട് ഇങ്ങനെയാണോ പെറുമാറുന്നത്. താന്‍ ജോലി ചെയ്യുന്നത് നിങ്ങള്‍ക്കെല്ലാം വേണ്ടിയാണെന്നും പക്ഷെ ഒരു ഗ്ലാസ് വീഞ്ഞ് പോലും നിങ്ങള്‍ നല്‍കുന്നില്ലെന്നും യുവതി പരിഭവപ്പെടുന്നുമുണ്ട്. യുവതിയുടെ ആക്രോഷം മുഴവന്‍ തെറിയഭിഷേകമായിരുന്നു. ലണ്ടനില്‍ ലാന്‍ഡ് ചെയ്താല്‍ പോലീസിനെ വിവരമറിയിക്കുമെന്ന ജീവനക്കാരുടെ മുന്നറിയിപ്പു കേട്ട യുവതി താന്‍ ഭയക്കുന്നില്ലെന്നാണ് മറുപടി പറഞ്ഞത്. എനിക്കല്‍പ്പം മദ്യം മാത്രമെ ചോദിക്കുന്നുള്ളൂ. അതു നല്‍കാനാകുമോ എന്നു പറഞ്ഞ യുവതി തെറിവിളി തുടര്‍ന്നു. വിമാനം ലണ്ടനില്‍ ഇറങ്ങിയ ഉടന്‍ യുവതിയെ പോലീസെത്തി അറസ്റ്റ് ചെയ്തു. 

Latest News