റിയാദ് - സൗദിയിലെ സുല്‍ഫിയില്‍ ബിനാമിയായി സലൂണ്‍ നടത്തിയ കേസില്‍ പാക്കിസ്ഥാനിയെയും ഇതിന് കൂട്ടുനിന്ന സൗദി പൗരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ബിനാമി സ്ഥാപനം നടത്തിയ പാക്കിസ്ഥാനി മുഹമ്മദ് ഹുസൈന്, ഇതിനു വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്ത അബ്ദുല്‍അസീസ് ഫഹദ് ദര്ബവീശ് അല്ദര്ബവീശ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഹല്ലാഖ് അല്‍ഗാത് അല്‍ജദീദ് എസ്റ്റാബ്ലിഷ്മെന്റ് എന്ന പേരിലുള്ള സ്ഥാപനത്തിനു കീഴിലാണ് പാക്കിസ്ഥാനി ബിനാമിയായി ബാര്‍ബര്‍ ഷോപ്പ് നടത്തിയത്. കാലാവധി തീര്‍ന്ന ഉല്പന്നങ്ങള് സ്ഥാപനത്തില്‍ ഉപയോഗിക്കുന്നതായും വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയിരുന്നു.
സൗദി പൗരനും പാക്കിസ്ഥാനിക്കും പിഴ ചുമത്തിയ കോടതി സ്ഥാപനം അടപ്പിക്കുന്നതിനും കൊമേഴ്സ്യല്‍ രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കുന്നതിനും ഉത്തരവിട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പാക്കിസ്ഥാനിയെ നാടുകടത്തുന്നതിനും പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി വിധിച്ചു.