കൊണ്ടോട്ടി- കരിപ്പൂരില്‍നിന്ന് ജിദ്ദ,റിയാദ് എന്നിവിടങ്ങളിലേക്ക് പുനരാരംഭിക്കുന്ന സൗദി എയര്‍ലെന്‍സ് വിമാനങ്ങള്‍ ആദ്യ ആറുമാസം പകല്‍ മാത്രം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൗദിയ വിമാന സമയ ഷെഡ്യൂള്‍ രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയില്‍ ക്രമീകരിക്കുന്നത്.
ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണുണ്ടാവുക. നാലു സര്‍വീസ് ജിദ്ദയിലേക്കും മൂന്ന് സര്‍വീസ് റിയാദിലേക്കും. വിമാന സമയ പട്ടിക രണ്ടുദിവസത്തിനകം പുറത്തിറക്കി ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് സൗദി എയര്‍ലെന്‍സ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എ.330 ഇനത്തില്‍ പെട്ട വിമാനമാണ് കരിപ്പൂരില്‍ സര്‍വീസിനെത്തിക്കുന്നത്.
കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസ് നടത്താന്‍ ഇതോടെ സൗദിയക്ക് അവസരമാകും. കരിപ്പൂരില്‍നിന്ന് ഡിസംബറില്‍ സര്‍വീസ് ആരംഭിക്കുന്ന സൗദിയക്ക് മാര്‍ച്ച് വരെ തിരുവന്തപുരത്തെ സര്‍വീസ് നിലിനിര്‍ത്താനും അനുമതി ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍നിന്ന് സൗദിയ സര്‍വീസ് നേരത്തെ തന്നെയുണ്ട്.