വാഷിംഗ്ടണ്‍- അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ മേധാവി ജെയിംസ് കോമെയെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ജെയിംസ് കോമെയുടെ സേവനം അവസാനിപ്പിച്ച് പുറത്താക്കിയെന്ന വൈറ്റ് ഹൗസിന്‍റെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡോണള്‍ഡ് ട്രംപിനെ റഷ്യ സഹായിച്ചതിനെ കുറിച്ച് എഫ്.ബി.ഐ അന്വേഷിക്കുന്നതിനാലാണ് ജെയിംസ് കോമെയെ പുറത്താക്കിയതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.
ഹിലരി ക്ലിന്‍റന്‍റെ ഇ-മെയിലുകള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങളല്ല കോമെ കഴിഞ്ഞയാഴ്ച യു.എസ്.കോണ്‍ഗ്രസിന് നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. എഫ്.ബി.ഐയെ ഫലപ്രദമായി നയിക്കാന്‍ നിങ്ങള്‍ക്ക് സാധ്യമല്ലെന്ന യു.എസ്. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്‍റെ നിലപാടിനോട് യോജിക്കുന്നുവെന്ന് കോമെക്കയച്ച കത്തില്‍ പ്രസിഡന്‍റ് ട്രംപ് ചൂണ്ടിക്കാട്ടി. നിയമപാലനത്തിനും അച്ചടക്കത്തിനും നിതിന്യായ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ട് ഒരു പുതിയ തുടക്കം അനിവാര്യമാണെന്നും ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞിരുന്നു.