പാരിസ്- ഫ്രാന്‍സില്‍ നിന്ന് റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പിട്ട കരാറില്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ ഉള്‍പ്പെടുത്തിയത് തങ്ങളാണെന്ന് റഫാല്‍ നിര്‍മ്മിക്കുന്ന ദാസോ എവിയേഷന്‍ കമ്പനിയുടെ സി.ഇ.ഒ എറിക് ട്രാപിയര്‍. റഫാല്‍ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം അദ്ദേഹം വീണ്ടും നിഷേധിച്ചു. 'അംബാനിയെ ഞങ്ങള്‍ സ്വയം തെരഞ്ഞെടുത്തതാണ്. ഇനിയും പങ്കാളികളെ തേടിക്കൊണ്ടിരിക്കുകയുമാണ്. റിലയന്‍സിനെ കൂടാതെ ഞങ്ങള്‍ വേറെയും 30 പങ്കാളികള്‍ കൂടിയുണ്ട. ഞാന്‍ കള്ളം പറയുകയല്ല. നേരത്തെ ഞാന്‍ പറഞ്ഞതെല്ലാം സത്യം തന്നെയാണ്. സി.ഇ.ഒ പദവയിലിരുന്ന് കളളം പറയില്ല,' ട്രാപിയര്‍ വ്യക്തമാക്കി. റഫാല്‍ ഇടപാടില്‍ അംബാനിയെ ഉള്‍പ്പെടുത്തിയതില്‍ വന്‍ അഴിമതി നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തിന് മറുപടി ആയാണ് ട്രാപിയര്‍ ഇങ്ങനെ പറഞ്ഞത്. ഫ്രാന്‍സിലെ ദാസോ ആസ്ഥാനത്തെ ഹാങറില്‍ വച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രാപിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
റഫാല്‍ ഇടപാടില്‍ വിമാനങ്ങളുടെ വില ഒമ്പത് ശതമാനം കുറച്ചിട്ടുണ്ടെന്നും സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍്ച്ചകളെ തുടര്‍ന്നാണിതെന്നും ട്രാപിയര്‍ പറഞ്ഞു. മുന്‍ യുപിഎ സര്‍ക്കാരുണ്ടാക്കിയ 108 വിമാനങ്ങളുടെ കരാര്‍ തിരുത്തി വെറും 36 വിമാനങ്ങളാക്കുകയും ഒരു സ്വകാര്യ കമ്പനിക്കു മാത്രം ഇതുവഴി നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കുകയും ചെയ്‌തെന്നായിരുന്നു പ്രതിപക്ഷ ആരോപണം. യുപിഎ കാലത്തെ കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രവര്‍ത്തന ക്ഷമമായ 18 പോര്‍ വിമാനങ്ങള്‍ വാങ്ങാനായിരുന്നു പദ്ധതി. ബാക്കിയുള്ളവ സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാനപമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സുമായി ചേര്‍ന്ന് നിര്‍മ്മിക്കാനുമായിരുന്നു പദ്ധതി. ഇത് തിരുത്തിയത് ഇന്ത്യയക്ക് അടിയന്തിരമായി 36 വിമാനങ്ങള്‍ ആവശ്യമായ പശ്ചാതതലത്തിലാണ് തിരുത്തല്‍ ഉണ്ടായത്. നേരത്തെ പൂര്‍ണമായും പണികഴിച്ച 18 വിമാനങ്ങള്‍ക്കു പകരം 36 വിമാനങ്ങള്‍ ആയപ്പോള്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇരട്ടി ആകേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ ഫലമായി വില ഒമ്പതു ശതമാനം കുറക്കേണ്ടി വന്നുവെന്നും ട്രാപിയര്‍ പറഞ്ഞു.
#WATCH Dassault CEO Eric Trappier clarifies on the pricing of the #Rafale aircrft pic.twitter.com/E21EumrQAt
— ANI (@ANI) November 13, 2018
ദാസോ 284 കോടി രൂപ റിലയന്‍സിന് നാഗ്പൂര്‍ ഭൂമി വാങ്ങാന്‍ നല്‍കിയെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം ഖേദകരമാണെന്നും ട്രാപിയര്‍ പറഞ്ഞു. റിലയന്‍സുമായുള്ളത് സംയുക്ത സംരഭമാണ്. പണം നല്‍കിയത് റിലയന്‍സിനല്ല. നിക്ഷേപം ഇറക്കിയത് ദാസോ റിലയന്‍സ് സംയുക്ത സംരഭത്തിലാണ്. ഇതില്‍ 49 ശതമാനം ഓഹരി ദാസോയുടേതും 51 ശതമാനം റിലയന്‍സിന്റേതുമാണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നു. ഇന്ത്യയുമായുള്ള ആദ്യ ഇടപാട് 1953ല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. ഞങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിക്കു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിനും വ്യോമ സേനയക്കും പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അതാണു പ്രധാനമെന്നും ട്രാപിയര്‍ പറഞ്ഞു.