Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഡി റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപോര്‍ട്ട്

ന്യൂദല്‍ഹി- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചു മറ്റും കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ മറനീക്കി പുറത്തു വന്നതോടെ ഉണ്ടായ കോലാഹലങ്ങള്‍ക്കിടെ 'കാര്യങ്ങളുടെ കിടപ്പ്' നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ നേരിട്ടു കണ്ടുവെന്ന് റിപോര്‍ട്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപോര്‍ട്ട് ചെയ്യുന്നു. നിലവിലെ സ്ഥിതിഗതില്‍ നേരിട്ട് അറിയുകയും സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഗവര്‍ണര്‍ക്ക് നേരിട്ട് വിശദീകരിച്ചു നല്‍കുകയും ചെയ്യാനാണ് പ്രധാനമന്ത്രി പട്ടേലിനെ കണ്ടതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ സുപ്രധാനം ബോര്‍ഡ് യോഗം നവംബര്‍ 19ന് ചേരാനിരിക്കെയാണ് ഈ കുടിക്കാഴ്ച. ഈ യോഗം കണക്കു തീര്‍ക്കലിന്റെ ദിവസമായിരിക്കുമെന്ന് നേരത്തെ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി. ചിദംബരം പറഞ്ഞിരുന്നു. 

ചെറുകിട ഇടത്തം വ്യവസായങ്ങള്‍ക്കുള്ള വായ്പാ പദ്ധതികളില്‍ പുനക്രമീകരണം നടത്തുന്നത് റിസര്‍വ് ബാങ്കിന്റെ പരിഗണനയിലുണ്ടെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാങ്കുകള്‍ക്കു മേലുള്ള വായ്പാ വിതരണ നിയന്ത്രണം പുനപ്പരിശോധിക്കാനുമിടയുണ്ട്. 11 പൊതു മേഖലാ ബാങ്കുകള്‍ക്കാണ് റിസര്‍വ് ബാങ്ക് വായ്പാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യാനും റിസര്‍വ് ബാങ്കിന്റെ അധിക കരുതല്‍ ശേഖരത്തില്‍ നിന്ന് വലിയൊരു വിഹിതം ലഭിക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ ഏതാനും ആഴ്ചകളായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് റിസര്‍വ് ബാങ്ക് ഉന്നതര്‍ സര്‍ക്കാര്‍ ഇടപെടലിനെതിരെ രംഗത്തു വന്നത്.

തെരഞ്ഞെടുപ്പു നടക്കാനിരിക്കെ വലിയ സാമ്പത്തിക കമ്മി നേരിടുന്ന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത്രയും വലിയ തുക നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇതുവരെ പ്രയോഗിക്കപ്പെടാത്ത ആര്‍.ബി.ഐ നിയമത്തിലെ ഏഴാം വകുപ്പ് മോഡി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെതിരെ പ്രയോഗിച്ചുവെന്നും ചിദംബരം ആരോപിച്ചിരുന്നു. സര്‍ക്കാരിന് മേല്‍ക്കൈ ഉള്ള ആര്‍.ബി.ഐ ബോര്‍ഡില്‍ ഗവര്‍ണറെ മുട്ടുകുത്തിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ ഗവര്‍ണര്‍ രാജിവയ്ക്കാനിടയുണ്ടെന്നും ചിദംബരം പറഞ്ഞു.
 

Latest News