ന്യൂദല്‍ഹി- ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജികള്‍ നാളെ വൈകിട്ട് മൂന്നിന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. തുറന്ന കോടതിയില്ല. ജഡ്ജിമാരുടെ ചേംബറിലാണ് ഹരജികള്‍ പരിഗണിക്കുക.
48 ഹരജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹരജികള്‍ നാളെ രാവിലെ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മുന്നംഗ ബെഞ്ച് ഹരജികള്‍ പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുന്നില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹം വിശ്വഹിന്ദു പരിഷത്തിനുവേണ്ടി ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.