ന്യൂദല്‍ഹി- കേസുകള്‍ വിശദമായി വാദം കേള്‍ക്കാതെ തള്ളുന്നതിനെതിരെ വിമര്‍ശവുമായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് എ.ജി വിമര്‍ശനം ഉന്നയിച്ചത്. ആദായനികുതി കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി.
ജനങ്ങള്‍ ആയിരക്കണക്കിന് മൈല്‍ യാത്രചെയ്താണ് നീതി തേടി സുപ്രിംകോടതിയെ സമീപിക്കുന്നത്. എന്നാല്‍ കോടതിയാകട്ടെ അവരുടെ വാദങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും തയ്യാറാകാതെ കേസുകള്‍ തള്ളുകയാണ്. ഇത് ശരിയായല്ല നടപടിയല്ല. ചുരുങ്ങിയ പക്ഷം അവരുടെ വാദങ്ങള്‍ കേള്‍ക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
കേസില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ മടിക്കുന്നതെന്തിനാണെന്നും എ.ജി ചോദിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ തങ്ങള്‍ പരിശോധിച്ചില്ലെന്നാണോ എ.ജി പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചു. വായിച്ചെങ്കില്‍ ഇക്കാര്യം മനസ്സിലാകും. ഇത് പൊതുജനങ്ങളുടെ പണവുമായി ബന്ധപ്പെട്ട കേസാണ്. വസ്തുതകള്‍ കാണാതെ പോകരുതെന്നും അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി.
നിങ്ങളുടെ വാദം യഥാര്‍ത്ഥ സ്പിരിറ്റോടെ തന്നെയാണ് കാണുന്നത്. വസ്തുതകള്‍ കാണാതെയാണ് തങ്ങള്‍ പോകുന്നതെന്ന് നിങ്ങള്‍ ധരിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഉണര്‍ത്തി.