പ്രശ്‌നപരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് എംബസി
റിയാദ്- സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യിപ്പിച്ചതിനെതിരെ പരാതിപ്പെട്ടതിനാൽ കമ്പനി ഹുറൂബാക്കിയ 24 ഇന്ത്യൻ തൊഴിലാളികൾ ദുരിതത്തിൽ. താമസ സൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് ഇവർ നാട്ടിലെ ബന്ധുക്കളെ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇവരുടെ പ്രശ്‌നത്തിൽ ഇടപെടുന്നുണ്ടെന്നും പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അനിൽ നൊട്ടിയാൽ അറിയിച്ചു.
ആന്ധ്രപ്രദേശിൽ നിന്നുള്ള പത്തു പേരും തെലങ്കാനയിൽ നിന്നുള്ള നാലു പേരും ഒഡീഷയിൽ നിന്നുള്ള പത്തു പേരുമടക്കം 24 പേരാണ് ഇവർ. 2016 ഒക്ടോബർ ഒന്നിന് ഏജന്റ് വഴി വെൽഡിംഗ് ജോലിക്കായാണ് ഇവരെ റിയാദിലെത്തിച്ചത്. എന്നാൽ അത്യധികം അപകടകരമായ സാഹചര്യത്തിലാണ് ജോലി ചെയ്യിപ്പിക്കുന്നതെന്നും ഇഖാമ ഇതുവരെ നൽകിയിട്ടില്ലെന്നും ഇവർ മാർച്ച് അവസാന വാരം ഇന്ത്യൻ എംബസിയിൽ പരാതി നൽകി. എംബസി വിഷയത്തിൽ ഇടപെട്ടതോടെ കഴിഞ്ഞ മാസം ഒമ്പതിന് കമ്പനി ഇവർക്ക് ഇഖാമ എടുത്തു നൽകി. വരാനിരിക്കുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്തി എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകാമെന്ന് ആഗ്രഹിച്ചായിരുന്നു ഇവർ എംബസിയിലെത്തി പരാതി നൽകിയിരുന്നത്. പക്ഷേ ഇഖാമ എടുത്ത് നൽകിയതോടെ പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ സാധിക്കാതെയായി.
എന്നാൽ പൊതുമാപ്പ് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും കമ്പനിയുമായി സംസാരിച്ച് ആവശ്യമായത് ചെയ്യാമെന്നും എംബസി ഉറപ്പുകൊടുത്തു. അതിനിടെ കമ്പനിയിൽ നിന്ന് ഇവർ ഒളിച്ചോടി. അതോടെ ഏപ്രിൽ 19ന് കമ്പനി ഇവരെ ഹുറൂബാക്കുകയും ചെയ്തു. ഏപ്രിൽ ആറിന് ശേഷമുള്ള ഹുറൂബ് കേസായതിനാൽ പൊതുമാപ്പ് ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കില്ല. ഇതേ തുടർന്നാണ് ഇവർ വഴിയാധാരമായത്.
എന്നാൽ തങ്ങളെ നാട്ടിലേക്ക് എത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു തൊഴിലാളികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തോട് വീഡിയോ ക്ലിപ്പിംഗിലൂടെ ആവശ്യപ്പെട്ടതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുകയാണ്. ലേബർ കോർട്ടിൽ കമ്പനി വക്കീൽ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് കുതന്ത്രം പ്രയോഗിച്ചതിനാൽ ഇന്ത്യൻ എംബസി തങ്ങളുടെ കേസിൽ ഇടപെടുന്നില്ലെന്നും ഇവരുടെ പരാതിയിലുണ്ട്.
ഭക്ഷണം കഴിക്കാൻ പോലും വകയില്ലാതെ തെരുവിലാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നതെന്നും കമ്പനി അധികാരികളിൽ നിന്ന് പലപ്പോഴും മർദനം ഏൽക്കേണ്ടതായി വന്നതായും ഇവർ പരിഭവിക്കുന്നുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് മുമ്പാകെ സമർപ്പിച്ച നാല് പേജ് വരുന്ന കത്തിൽ ഏത് സാഹചര്യത്തിലാണ് തങ്ങൾ സൗദിയിലെത്തിയതെന്നും ഇവർ വിശദീകരിക്കുന്നുണ്ട്.