ന്യൂദല്‍ഹി- ദിപാവലി അവധിക്കു ശേഷം സുപ്രീം കോടതി തിങ്കളാഴ്ച വീണ്ടു ചേരുമ്പോള്‍ ആദ്യം പരിഗണനത്തെത്തുന്നത് കോളിളക്കമുണ്ടാക്കിയ ഹര്‍ജികള്‍. സി.ബി.ഐ ഉന്നതര്‍ക്കിടയിലെ ഉള്‍പ്പോര്, ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനം, കേന്ദ്ര സര്‍ക്കാരിനു തലവേദനയായ റഫാല്‍ പോര്‍വിമാനം ഇടപാട് എന്നിവ സംബന്ധിച്ച വിവിധ ഹര്‍ജികളാണ് അടുത്ത മൂന്നു ദിവസങ്ങളില്‍ കോടതിയില്‍ പരിഗണിക്കുക. ഇതോടെ ഈ ആഴ്ച സുപ്രീം കോടതി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കും. സി.ബി.ഐ മേധാവി അലോക് വര്‍മ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയത് സമര്‍പിച്ച് ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണനയ്‌ക്കെടുക്കുന്നുണ്ട്. തന്നെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് വര്‍മ കോടതിയെ സമീപിച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് വര്‍മയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്.
ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്. യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സെപ്തംബര്‍ 28ലെ സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് കോടതി ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അടങ്ങിയ ഹര്‍ജി ബുധനാഴ്ചയാണ് കോടതി വീണ്ടും പരിഗണിക്കുക. റഫാല്‍ പോര്‍വിമാനങ്ങള്‍ക്ക് വില നിശ്ചയിച്ചതു സംബന്ധിച്ച വിശദാംശങ്ങള്‍ 10 ദിവസത്തിനകം സീല്‍വച്ച കവറില്‍ നല്‍കാന്‍ ഒക്ടോബര്‍ 31-ന് കോടതി ഉത്തരവിട്ടിരുന്നു. ഇതു കോടതി പരിഗണിക്കും.