Sorry, you need to enable JavaScript to visit this website.

തോക്കിൻ മുനയിൽ നിർത്തി പാക് യുവാവ്  വിവാഹം കഴിച്ചുവെന്ന് ഇന്ത്യൻ യുവതി 

ഇസ്‌ലാമാബാദ്- ഇന്ത്യൻ ഹൈക്കമ്മീഷനിൽ എത്തി നവവധുവായ ഇന്ത്യൻ ഭാര്യയെ കാണാനില്ലെന്ന പാക്കിസ്ഥാൻ യുവാവിന്റെ പരാതിയിൽ പുതിയ വെളിപ്പെടുത്തലുകൾ. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ വിവാഹം കഴിക്കുകയായിരുന്നുവെന്നും എത്രയും വേഗം തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ട് ഉസ്മ എന്ന യുവതിയാണ് ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ എത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. തോക്കിൻ മുനയിൽ നിർത്തിയാണ് താഹിർ അലി തന്നെ വിവാഹം ചെയ്തത്. എമിഗ്രേഷൻ രേഖകളെല്ലാം അയാൾ തട്ടിയെടുത്തു. പാക് ടി.വി ചാനലായ ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഉസ്മ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അലിയെ വിവാഹം കഴിഞ്ഞ ശേഷമാണ് അയാൾ മുമ്പ് വിവാഹിതനാണെന്നും നാല് മക്കളുടെ പിതാവാണെന്നും അറിഞ്ഞതെന്ന് ഉസ്മ ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചതായാണ് റിപ്പോർട്ട്. 
മലേഷ്യയിൽ വെച്ച് പ്രണയത്തിലായ ഉസ്മയും താഹിർ അലിയും മെയ് ഒന്നിന് ഇന്ത്യയിലെത്തിയ ശേഷം വാഗാ അതിർത്തി വഴിയാണ് പാക്കിസ്ഥാനിലെത്തിയത്. തുടർന്ന് മെയ് മൂന്നിന് ഇരുവരും പാക്കിസ്ഥാനിൽ വെച്ച് വിവാഹിതരായി. ഭാര്യയുടെ ദൽഹിയിലുള്ള സഹോദരനെ വിവാഹ ശേഷം ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഹണിമൂണിനായി ദൽഹിയിലേക്ക് ചെല്ലാൻ അദ്ദേഹം ക്ഷണിച്ചുവെന്നും ഇതുപ്രകാരം വിസക്ക് അപേക്ഷിക്കാനായി ഇന്ത്യൻ ഹൈക്കമ്മീഷനിൽ എത്തിയപ്പോൾ ആണ് ഭാര്യയെ കാണാതായതെന്നുമാണ് ലോക്കൽ പോലീസിന് നൽകിയ പരാതിയിൽ താഹിർ പറഞ്ഞത്. ഹൈക്കമ്മീഷൻ ഓഫീസിലെത്തിയപ്പോൾ അപേക്ഷയും തങ്ങളുടെ കൈവശമുള്ള ഫോണുകളും അധികൃതർ വാങ്ങിവെച്ചു. പിന്നീട് ഉസ്മയെ ഉള്ളിലേക്ക് വിളിപ്പിക്കുകയും താഹിറിനോട് കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഉസ്മയെ കാണാത്തതിനാൽ കാര്യം അന്വേഷിച്ച താഹിറിന് യുവതി ഇവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. വാങ്ങിവെച്ച ഫോണുകൾ തിരിച്ചു നൽകാൻ അധികൃതർ തയാറായില്ലെന്നും ഡോൺ റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് താഹിർ പോലീസിൽ പരാതിപ്പെടുകയായിരുന്നുവത്രേ. യുവതി ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം തേടിയ വിവരം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Tags

Latest News