ജിദ്ദ- ഇന്റര്‍നെറ്റ് കഫേകള്‍ വിസ്മൃതിയിലേക്ക്. സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതാണ് അടുത്ത കാലം വരെ വിലസിയിരുന്ന കഫേകളുടെ അന്ത്യത്തിന് വഴിയൊരുക്കിയത്. വന്‍ തുക മുടക്കാതെയും ഫോണുകള്‍ വാങ്ങാമെന്നായതും സാധാരണക്കാര്‍ക്ക് അനുഗ്രഹമായി. 500 റിയാലില്‍ താഴെ മുടക്കിയാലും ചൈനീസ് നിര്‍മിത സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ സുലഭമാണ്. വാട്സ് ആപ്പ്, ഫേസ്ബുക്ക് എന്നിവ നോക്കാനും നെറ്റ് ഫോണില്‍ നാട്ടിലുള്ളവരെ കണ്ട് സംസാരിക്കാനും മൊബൈല്‍ ഫോണ്‍ മതിയെന്നായപ്പോള്‍ പുകവലിക്കാരുടെ ഇഷ്ട താവളമായ കഫേകളെ ആരും തിരിഞ്ഞു നോക്കാതായി. ജിദ്ദ ഫൈസലിയ ഡിസ്ട്രിക്റ്റില്‍ ഒരു ഡസന്‍ ഇന്റര്‍നെറ്റ് കഫേകളുണ്ടായിരുന്നു. ഇതില്‍ കോഫി ഷോപ്പായി രൂപാന്തരം പ്രാപിച്ച രണ്ടെണ്ണം കസ്റ്റമേഴ്സായ അറബ് യുവാക്കളെ ആശ്രയിച്ച് നിലനിന്നു പോരുന്നു. മദീന റോഡിലെ ബാഫേല്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന ഡാര്‍ക്ക് സൈഡ് എന്നു പേരിട്ട ഇന്റര്‍നെറ്റ് കഫേയായിരുന്നു തുടക്കക്കാരന്. ഇന്റര്‍നെറ്റ് അപൂര്‍വ വസ്തുവായ അക്കാലത്ത് ഒരു മണിക്കൂറിന് 30 റിയാല്‍ ഈടാക്കിയാണ് ഈ കഫേ പ്രവര്‍ത്തിച്ചിരുന്നത്. അറബ് വംശജര്‍ നടത്തിയിരുന്ന കഫേയില്‍ വിരലിലെണ്ണാവുന്ന മലയാളി കസ്റ്റമേഴ്സാണ് വരാറുണ്ടായിരുന്നത്. പില്ക്കാലത്ത് കഫേ ബിസിനസ് മലയാളി സമൂഹം ഏറ്റെടുത്തതോടെ ജിദ്ദ നഗരത്തിന്റെ പല ഭാഗങ്ങളിലും കൂണ് പോലെ ഇന്റര്‍നെറ്റ് കഫേകള്‍ മുളച്ചു പൊന്തി. മണിക്കൂറിന് മൂന്ന് റിയാല്‍ വരെ നിരക്കായപ്പോഴും സാമാന്യം തരക്കേടില്ലാത്ത ബിസിനസ് അന്ന് കഫേകള്‍ ചെയ്തു. ഒരു ഘട്ടത്തില്‍ ഇര്ഫാന് ഹോസ്പിറ്റല്‍ റോഡില്‍ മാത്രം നാല് ഇന്റര്‍നെറ്റ് കഫേകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിച്ചു. താഴെയും മുകള്‍ നിലകളിലുമായി സജ്ജീകരിച്ച 40-50 സീറ്റുകളില്‍ കസ്റ്റമേഴ്സ് ഒഴിഞ്ഞ നേരമില്ലായിരുന്നു. ഏകദേശം മൂന്ന് വര്‍ഷം മുമ്പ് വരെ ഇതായിരുന്നു സ്ഥിതി. എല്ലാ വിഭാഗം വിദേശികളും സംഗമിക്കുന്ന നഗര കേന്ദ്രമായ ബലദില്‍ പ്രവര്‍ത്തിച്ച ചില കഫേകള്‍ സാധാരണക്കാരില്‍ നിന്ന് മണിക്കൂറിന് മൂന്ന് റിയാല്‍ ഈടാക്കിയപ്പോള്‍ പ്രത്യേക കസേര ഒരുക്കി വി.ഐ.പി എന്ന് പേരിട്ട് മണിക്കൂറിന് അഞ്ച് റിയാലാണ് വാങ്ങിയിരുന്നത്. മലയാളി സംഗമ കേന്ദ്രമായ ഷറഫിയയിലെ ഇന്റര്‍നെറ്റ് കഫേകളിലും വൈകുന്നേരം മുതല്‍ അര്‍ധരാത്രി വരെ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കംപ്യൂട്ടറുകളുടെ ഉപയോഗം വ്യാപകമായതോടെ ടൈപ്പ് റൈറ്ററിനാണ് ആദ്യം ഗതികേടുണ്ടായത്. ഫാക്സ് യന്ത്രങ്ങളെ പിന്നീട് ബാധിച്ചു. മൊബൈല്‍ ഫോണുകള്‍ പരിഷ്കരിച്ചപ്പോള്‍ സ്റ്റില്‍ ക്യാമറ മുതല്‍ വീഡിയോ ക്യാമറ വരെയുള്ള ഉപകരണങ്ങളുടെ ആവശ്യക്കാര്‍ കുറഞ്ഞു.
ഫാക്സ്, ടൈപ്പ് റൈറ്റര്‍ എന്നീ യന്ത്രങ്ങള്‍ അപ്രസക്തമായത് പോലെ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് കഫേകളുടെ അന്തകനായി മാറി. കാലപ്രവാഹത്തില്‍ പ്രസക്തി നഷ്ടപ്പെട്ട മറ്റൊന്നാണ് വീഡിയോ കാസറ്റ് കടകള്‍. ഇന്റര്‍നെറ്റ് സാര്‍വത്രികമായതും സ്മാര്‍ട്ട് ഫോണുകളില്‍ പോലും ദൃശ്യങ്ങള്‍ കാണാനുള്ള സൗകര്യമൊരുങ്ങിയതുമാണ് വീഡിയോ ഷോപ്പുകള്‍ക്ക് തിരിച്ചടിയായത്. താരതമ്യേന കുറഞ്ഞ നിരക്കില്‍ നെറ്റ് ലഭ്യമാവുമെന്നതും ഡെസ്ക് ടോപ്, ലാപ്ടോപ്, ടാബ്, നോട്ട്ബുക്, മൊബൈല്‍ ഫോണുകള്‍ എന്നിവയിലൂടെ ഗൂഗിള്‍ സെര്‍ച്ച് നടത്തി ഇഷ്ടമുള്ള പാട്ടും സിനിമയും കാണാമെന്ന സൗകര്യം വ്യാപകമായതോടെ വീഡിയോ കടകള്‍ അന്വേഷിച്ച് ആരും എത്താതായി. യു ട്യൂബിലൂടെ ഏത് സിനിമയും തിരഞ്ഞ് കാണാമെന്നതും വീഡിയോ ലൈബ്രറികളോടുള്ള താല്പര്യം കുറയാന്‍ കാരണമായി.