ന്യൂദല്‍ഹി- സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥരുടെ പോര് രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ട സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ അഴിമിത ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി). അലോക് വര്‍മ രണ്ടു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിച്ച സി.വി.സി കേസില്‍ നിര്‍ണായകമായ ഒരു തെളിവും കണ്ടെത്തിയില്ലെന്നാണ് റിപോർട്ട്. മുന്‍ സുപ്രീം കോടതി ജഡ്ജി എ.കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലായിരുന്നു വര്‍മയ്‌ക്കെതിരെ അന്വേഷണം. കൈക്കൂലി വാങ്ങിയതിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. ഇതോടെ വര്‍മയ്ക്കും അസ്താനയ്ക്കുമിടയിലെ പോര് രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരാണ് സി.വി.സി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഈ അന്വേഷണം മുന്‍ ജസ്റ്റിസ് എ.കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് സുപ്രീം കോടതിയാണ് വിധിച്ചത്. സി.വി.സി പ്രാഥമികാന്വേഷണം വെള്ളിയാഴ്ചയാണ് പൂര്‍ത്തിയാക്കിയത്. ഈ റിപോര്‍ട്ട് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. സി.ബി.ഐ മേധാവി വര്‍മയ്‌ക്കെതിരെ സ്‌പെഷല്‍ ഡയറക്ടര്‍ അസ്താന സമര്‍പ്പിച്ച എല്ലാ രേഖകളും സി.വി.സി പരിശോധിച്ചു.
സി.ബി.ഐ അന്വേഷിക്കുന്ന ഒരു കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ പ്രതിയായ ഒരു വ്യവസായിയില്‍ നിന്നും രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രധാനമന്ത്രി മോഡിയുടെ കണ്ണിലുണ്ണി എന്നറിയപ്പെടുന്ന ഗുജറാത്തില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നാണ് അലോക് വര്‍മയെ സര്‍ക്കാര്‍ അവധിയില്‍ പ്രവേശിപ്പിച്ചത്. കുറ്റാരോപിതനായ അസ്താനയേയും അവധിയില്‍ വിട്ടിരുന്നു. ഒക്ടോബര്‍ 15-നാണ് സി.ബി.ഐ അസ്താനയ്‌ക്കെതിരെ കേസെടുത്തത്. എന്നാല്‍ വര്‍മയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ച് ഓഗസ്റ്റ് 24ന് അസ്താന കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു.
അസ്താനയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം അലോക് വര്‍മയ്ക്കു മേല്‍ കെട്ടിച്ചമക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. അസ്താനക്കെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങിയതോടെ മോഡി സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. ഗുജറാത്തില്‍ ഉന്നത പോലീസ് ഓഫീസറായിരിക്കെ കോഴ വാങ്ങി ബി.ജെ.പിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് പണം നല്‍കിയ ആളാണ് അസ്താനയെന്നും റിപോര്‍ട്ടുണ്ടായിരുന്നു. അസ്താന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.