ആഗ്ര- വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ സ്ഥലങ്ങളുടെ പേരുമാറ്റം ആരംഭിച്ചിരിക്കെ, ആദ്യം മാറ്റേണ്ടത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പേരാണെന്ന് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്. ഷാ എന്നതിന്റെ ഉത്ഭവം പേര്‍ഷ്യനാണെന്നും ഗുജറാത്തിയല്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ കുടുംബപ്പേരാണ് ഷാ.
ഗുജറാത്ത് എന്ന പേരു തന്നെയും പേര്‍ഷ്യനാണെന്നും നേരത്തെ ഇത് ഗുജാരാത്ര എന്നാണ് അറിയപ്പെട്ടിരുന്നതെന്നും പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
പാക്കിസ്ഥാന്‍ ഇസ്ലാമികമല്ലാത്ത പേരുകള്‍ നീക്കം ചെയ്തതു പോലെ തന്നെയാണ് ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരും ആര്‍.എസ്.എസിന്റെ ഹിന്ദുത്വ നയങ്ങള്‍ക്കനുസൃതമായി പേരുമാറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്് ലാമുമായും മുസ് ലിംകളുമായും ബന്ധമുള്ള പേരുകളെല്ലാം മാറ്റാനാണ് ബി.ജെ.പി സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നത്.
താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് അഗ്രാവന്‍ എന്നാക്കണമെന്ന ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്. ആഗ്രയുടെ പേരു മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് തവണ എം.എല്‍.എ ആയ ജഗന്‍ പ്രസാദ് കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു.