Sorry, you need to enable JavaScript to visit this website.

സൗദിയ വിമാനങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ്, ലൈവ് ടി.വി

റിയാദ് - സൗദിയ വിമാനങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനത്തിനും ലൈവ് ടി.വി ചാനല്‍ സംപ്രേഷണത്തിനും ത്രീ-ജി, ഫോര്‍-ജി സാങ്കേതിക വിദ്യയിലുള്ള മൊബൈല്‍ ഫോണ്‍ സേവനത്തിനും തുടക്കം. നവീന സേവനങ്ങള്‍ ഒരുക്കിയ എയര്‍ബസ് എ-320 ഇനത്തില്‍ പെട്ട ആദ്യ വിമാനം സൗദിയ ഇന്നലെ കമ്മീഷന്‍ ചെയ്തു. ഇതോടൊപ്പം പുതിയ സീറ്റുകളും എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകളും സ്ഥാപിച്ച് വിമാനത്തിന്റെ ഉള്‍വശം നവീകരിച്ചിട്ടുമുണ്ട്. ഇതോടനുബന്ധിച്ച് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഫുര്‍സാന്‍ ലോഞ്ചില്‍ സൗദിയ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സൗദിയ ഡയറക്ടര്‍ ജനറല്‍ എന്‍ജി. സ്വാലിഹ് അല്‍ജാസിറും സാറ്റലൈറ്റ് ടെക്‌നോളജി കമ്പനി സി.ഇ.ഒ എന്‍ജി. അബ്ദുല്ല അല്‍ഉസൈമിയും ഇരു കമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. പുതിയ സേവനങ്ങളോടെ നവീകരിച്ച ആദ്യ വിമാനത്തിന്റെ പ്രഥമ സര്‍വീസിലെ യാത്രക്കാരെ പൂച്ചെണ്ടുകളും സമ്മാനങ്ങളും വിതരണം ചെയ്ത് യാത്രയാക്കി. പ്രഥമ സര്‍വീസ് ജനീവയിലേക്കായിരുന്നു.
ഒറ്റ നടവഴിയുള്ള (സിംഗിള്‍ കോറിഡോര്‍) വിമാനങ്ങള്‍ നവീകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതി സൗദിയ തയാറാക്കിയിട്ടുണ്ട്. ബിസിനസ് ക്ലാസില്‍ 180 ഡിഗ്രിയില്‍ നിവര്‍ത്തിയിടാവുന്ന സീറ്റുകളും 16 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകളുമുണ്ട്. ലഗേജുകള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥലങ്ങളും പേഴ്‌സണല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പോര്‍ട്ടുകളും സീറ്റുകളോടനുബന്ധിച്ചുണ്ട്. ബിസിനസ് ക്ലാസ് കാബിനില്‍ 20 സീറ്റുകളാണുള്ളത്. ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ക്കിടയിലെ അകലം വര്‍ധിപ്പിച്ചിട്ടുണ്ട്. പതിനൊന്ന് ഇഞ്ച് വലിപ്പമുള്ള എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകളും ലഗേജുകള്‍ സൂക്ഷിക്കുന്നതിനുള്ള അനുയോജ്യമായ സൗകര്യങ്ങളുമുള്ള കാബിനില്‍ ആകെ 90 സീറ്റുകളാണുള്ളത്. വിമാനത്തില്‍ ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫ്രീക്വന്‍സി ടെക്‌നോളജി, അമേരിക്കക്ക് പുറത്തുള്ള ഏറ്റവും മികച്ച സാറ്റലൈറ്റ് ടെക്‌നോളജി ലഭ്യമാക്കുന്നതിന് സൗദിയയെ സഹായിക്കും. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സൗദി ടെക്‌നോളജി ഡെവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (തഖ്‌നിയ)ക്കു കീഴിലെ കമ്പനിയായ സാറ്റലൈറ്റ് ടെക്‌നോളജി കമ്പനിയാണ് കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുമായി സഹകരിച്ച് ഈ സേവനം സൗദിയ വിമാനങ്ങളില്‍ ലഭ്യമാക്കുന്നത്. ത്രീ-ജി, ഫോര്‍-ജി സാങ്കേതിക വിദ്യയിലുള്ള മൊബൈല്‍ ഫോണ്‍ സേവനവും സെക്കന്റില്‍ 50 എം.ബിയിലേറെ സ്പീഡുള്ള ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടി.വി ചാനലുകളുടെ ലൈവ് സംപ്രേഷണവും ഇതിലൂടെ യാത്രക്കാര്‍ക്ക് ലഭിക്കും.
എല്ലാ തുറകളിലും പെട്ട യാത്രക്കാര്‍ക്ക് അനുയോജ്യമായ നിലക്ക് വിനോദ ഉള്ളടക്കം നവീകരിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും സൗദിയ ശ്രമിച്ചുവരികയാണ്. ആകെ 11,000 ലേറെ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിനോദ ഉള്ളടക്കം സൗദിയ വിമാനങ്ങളില്‍ ലഭ്യമാക്കും. വിനോദ ഉള്ളടക്കം ഷെയര്‍ ചെയ്യുന്നതിനും വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് സാധിക്കും. വിമാന ജീവനക്കാരുടെ സേവനം തേടല്‍, പ്രത്യേക സമയങ്ങളില്‍ യാത്രക്കാരെ ഉണര്‍ത്തല്‍ എന്നിവ അടക്കമുള്ള സേവനങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകള്‍ ക്രമീകരിക്കാനും സാധിക്കും.
വിമാനങ്ങള്‍ക്കകത്തെ കാബിനുകളുടെ നവീകരണവും നവീന സാങ്കേതിക വിദ്യകള്‍ ഒരുക്കുന്നതും പൂര്‍ണമായും സൗദിക്കകത്തു വെച്ചാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരും സൗദികളാണ്. സൗദി സാറ്റലൈറ്റുകളും അന്താരാഷ്ട്ര സാറ്റലൈറ്റുകളും വഴിയാണ് അതിവേഗ ഇന്റര്‍നെറ്റ്, ലൈവ് ടി.വി സംപ്രേഷണം, ത്രീ-ജി, ഫോര്‍-ജി സാങ്കേതിക വിദ്യയിലുള്ള മൊബൈല്‍ ഫോണ്‍ സേവനം എന്നിവ സൗദിയ വിമാനങ്ങള്‍ക്കകത്ത് ലഭ്യമാക്കുന്നതെന്ന് സാറ്റലൈറ്റ് ടെക്‌നോളജി കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ഉസൈമി പറഞ്ഞു. യു.ഒ.എന്‍ എന്ന് പേരിട്ട സേവനമാണിത്. ഗ്രൗണ്ട് നെറ്റ്‌വര്‍ക്കും വിമാനങ്ങള്‍ക്കകത്തെ അഡ്വാന്‍സ്ഡ് സിസ്റ്റങ്ങളും വഴി സൗദിയ വിമാനങ്ങളുടെ സഞ്ചാര പഥത്തില്‍ മുഴുവന്‍ ഈ സേവനം ലഭിക്കും. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഈ സേവനം ഉപയോഗിക്കുന്നതെന്നും അബ്ദുല്ല അല്‍ഉസൈമി പറഞ്ഞു.

 

 

Latest News