മലപ്പുറം- ബന്ധു നിയമന വിവാദത്തെത്തുടര്‍ന്നു മന്ത്രി കെ.ടി. ജലീലിനുനേരെ മലപ്പുറത്തും കൊണ്ടോട്ടിയിലും മുസ്‌ലിം ലീഗ് പ്രവര്‍ത്തര്‍ കരിങ്കൊടി കാട്ടി. കല്ലേറിലും പോലീസ് ലാത്തിവീശലിലും ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു. കൊണ്ടോട്ടിയില്‍ 21 പേരെ അറസ്റ്റു ചെയ്തു. മലപ്പുറത്തു കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേ കേസെടുത്തു. രാവിലെ 11.30ഓടെ കൊണ്ടോട്ടിയിലാണ് ആദ്യ പ്രതിഷേധമുയര്‍ന്നത്. ഉച്ചക്ക് ശേഷം മലപ്പുറം നഗരസഭാ ബസ് സ്റ്റാന്‍ഡ്് ഓഡിറ്റോറിയത്തില്‍ ഇമ്പിച്ചിബാവ ഭവനനിര്‍മാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ഇവിടെയും യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധം ശക്തമാകുമെന്നറിഞ്ഞു മൂന്നൂറിലധികം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചത്. മന്ത്രിയെത്തിയതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്നു പോലീസ് ലാത്തി വീശി. ഇതിനിടെ
കല്ലേറും ചീമുട്ടയേറും നടന്നു. കല്ലേറിലും ലീത്തിവീശലിലും നിരവധി പേര്‍ക്കു പരിക്കേറ്റു. തുടര്‍ന്നു നഗരസഭാ ഹാളിലെ ചടങ്ങില്‍ മന്ത്രിയുടെ പ്രസംഗത്തിനു ശേഷം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ വേദിയിലേക്കു കയറി കരിങ്കൊടി കാട്ടി. ഇവരെ ബലംപ്രയോഗിച്ച് പോലീസ് കൊണ്ടുപോയി. പോലീസ് ആക്രമണത്തില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് വി.കെ.എം ഷാഫി അടക്കമുള്ള 20 ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്്. ഇവരെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.