ഭോപാല്‍- നവംബര്‍ 28ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പശു രാഷ്ട്രീയവും പയറ്റുന്നു. സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്നാണ് ഇന്ന് പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ പ്രകടനി പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. പതിറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. കര്‍ഷകരുടെ വൈദ്യുതി ബില്‍ നേര്‍ പകുതിയായ കുറക്കുമെന്നും പെട്രോള്‍, ഡീസല്‍ വില കുറക്കുമെന്നും പ്രകടന പത്രിയിലുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ്, പ്രചാരണ സമിതി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ, മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ്, പ്രതിപക്ഷ നേതാവ് അജയ് സിങ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
50 വിഭാഗങ്ങളിലായി 973 വാഗ്ദാനങ്ങള്‍ അടങ്ങുന്നതാണ് പത്രിക. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സംസ്ഥാന സഹകരണ ബാങ്കുകളില്‍ നിന്നുമെടുത്ത കര്‍ഷക വായ്പകള്‍ എഴുതി തള്ളുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്നു. ഒരു കുടുംബത്തില്‍ തൊഴില്‍ രഹിതരായ ഒരു യുവതി/യുവാവിന് 10,000 രൂപ തൊഴില്‍രഹിത വേദനമായി മൂന്ന് വര്‍ഷത്തേക്ക് നല്‍കുമെന്നും പെണ്‍കുട്ടികളുടെ വിവാഹത്തിന് 51,000 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ 2.50 ലക്ഷം രൂപ നല്‍കും.
വചന പത്ര എന്നു പേരിലാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. ഇത് വെറും പ്രകടന പത്രികയല്ലെന്ന് കമല്‍ നാഥ് പറഞ്ഞു. ഒരു പാര്‍ട്ടി വചന പത്രിക ഇറക്കുന്നത് ആദ്യമാണെന്നും ഇതില്‍ ബി.ജെ.പി സര്‍ക്കാര്‍ ചതിച്ച എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയുള്ളതും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഘോഷണ വിദ്വാന്‍ മാത്രമാണെന്നും 15 വര്‍ഷമായി ഇതു കേട്ടുകൊണ്ടിരിക്കുകയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത് ഘോഷണ പത്രമല്ലെന്നും വചന പത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദവിയിലിരുന്ന 21,000 ലേറെ ഘോഷണം നടത്തുകയല്ലാതെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സംസ്ഥാനത്ത് ഇത്തവണ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നാണ് കണക്കു കൂട്ടല്‍ .