Sorry, you need to enable JavaScript to visit this website.

മുസ്ലിം വയോധികനെ കൊന്ന് തീയിട്ടിട്ട് മൂന്നാഴ്ച പിന്നിടുന്നു; കേസുമില്ല, കൊലയാളികളെ കുറിച്ച് വിവരവുമില്ല

പട്ന- ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിതാമാഡിയില്‍ ഒക്ടോബര്‍ 20ന് ദുര്‍ഗാ പൂജാ ജാഥയ്ക്കിടെ ഒരു വിഭാഗം മനപ്പൂര്‍വം അക്രമം അഴിച്ചുവിട്ടതിനു പിന്നാലെ ഹിന്ദുത്വ തീവ്രവാദികളുടെ ആള്‍കൂട്ട മര്‍ദനത്തില്‍ 82കാരന്‍ കൊല്ലപ്പെടുകയും മൃതദേഹം തീയിടുകയും ചെയ്ത സംഭവത്തില്‍ പോലീസ് ഇതുവരെ കേസു പോലും രജിസ്റ്റര്‍ ചെയ്തില്ല. തിരിച്ചറിയപ്പെടാത്ത അക്രമികള്‍ക്കു വേണ്ടി കാര്യമായ അന്വേഷണങ്ങളും നടക്കുന്നില്ലെന്ന് ആക്ഷേപം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഏഴു കിലോമീറ്റര്‍ അപ്പുറത്തുള്ള സഹോദരിയുടെ വീട്ടില്‍ നിന്നും സൈക്കിളില്‍ മടങ്ങി വരികയായിരുന്ന സൈനുല്‍ അന്‍സാരി എന്ന 82കാരന്‍ ആള്‍കൂട്ടത്തിന്റെ വിദ്വേഷ ആക്രമണത്തിന് ഇരയായത്.

കൊല്ലപ്പെട്ട അന്‍സാരിയുടെ മൃതദേഹം സ്വന്തം നാട്ടില്‍ ഖബറടക്കം നടത്താന്‍ പോലും ജില്ലാ ഭരണകൂടം അനുവദിച്ചില്ലെന്നും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 70 കിലോമീറ്റര്‍ അകലെ മുസഫര്‍പൂരില്‍ ഖബറടക്കം നടത്താന്‍ അധികൃതരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നുവെന്നും അന്‍സാരിയുടെ കുടുംബം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

തെരുവില്‍ ആള്‍ക്കൂട്ടം ഉള്ളതിനാല്‍ പുറത്തു പോകേണ്ടെന്ന് പലരും അന്‍സാരിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും 'വയസ്സനെ ആരും അക്രമിക്കില്ല' എന്നു പറഞ്ഞാണ് അന്‍സാരി വീട്ടിലേക്കു മടങ്ങിയത്. വഴിമധ്യേ മുസ്ലിംവിരുദ്ധ വിദ്വേഷവുമായി തെരുവിലിറങ്ങിയ ആള്‍ക്കൂട്ടം അന്‍സാരിയെ തടഞ്ഞ് തെരുവിലിട്ട് കൂട്ടമായി മര്‍ദിക്കുകയായിരുന്നു. ശേഷം വലിച്ചിഴക്കുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു തീയിടുകയും ചെയ്തു. മണിക്കൂറുകള്‍ക്കു ശേഷമാണ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ അന്‍സാരിയുടെ മൃതദേഹം കണ്ടെടുത്തത്. രണ്ടു ദിവസത്തിനു ശേഷമാണ് കുടുംബത്തിന്  മൃതദേഹം തിരിച്ചറിയാനായത്. 

ഇതിനിടെ സിതാമാഡിയെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം അന്‍സാരിയുടെ മൃതദേഹം ഇവിടെ നിന്നും 70 കിലോമീറ്റര്‍ അകലെ മുസാഫര്‍പൂരിലെ എസ്.കെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് അധികൃതര്‍ മാറ്റിയിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മാധ്യമങ്ങളില്‍ വാര്‍ത്തയാകാതിരുന്ന അതിദാരുണമായ ഈ വിദ്വേഷ ആക്രമണത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറം ലോകം അറിയുന്നത്.

അന്‍സാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പൊള്ളലിന്റെ ആഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പ്രദേശത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറിലേറെ കേസുകള്‍ സിതാമാഡി പോലീസ് രജിസറ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്‍സാരിയുടെ കൊലപാതകം പ്രത്യേക കേസായി എടുത്തിട്ടില്ല. മൃതദേഹം കണ്ടെടുത്ത പശ്ചാത്തലത്തില്‍ കലാപക്കേസില്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സിതാമാഡി പോലീസ് സുപ്രണ്ട് വികാസ് ബര്‍മന്‍ പറയുന്നു. വിവിധ കേസുകളിലായി ഇതുവരെ 38 പേരെയാണ് അറസ്റ്റ് ചെയതത്. എന്നാല്‍ അന്‍സാരിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരും പിടിയിലായിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനു പിന്നില്‍ ആരാണെന്നോ ഏതെങ്കിലും സംഘടനകള്‍ക്കു പങ്കുണ്ടെന്നോ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിഡിയോ കണ്ടാണ് അന്‍സാരിയുടെ രണ്ടു മക്കള്‍ ദല്‍ഹിയില്‍ നിന്ന് സിതാമാഡിയില്‍ തിരിച്ചെത്തി പോലീസില്‍ പരാതിപ്പെടുകയും മൃതദേഹം തിരിച്ചറിയുകയും ചെയ്തത്. കൊലാതകം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഇവര്‍ എത്തുന്നത്. ഇവര്‍ പിതാവിനെ കാണാനില്ലെന്ന പരാതി പോലീസില്‍ നല്‍കിയ ശേഷം ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കലക്ടറേയും നേരിട്ട് കണ്ട് വിഡിയോയിലുള്ളത് തങ്ങളുടെ പിതാവാണെന്ന് ബോധിപ്പിച്ചു. എന്നാല്‍ ഇത് വിശ്വസീനയ വിഡിയോ അല്ലെന്നായിരുന്നു പോലീസിന്റെ നിലപാടെന്ന് അന്‍സാരിയുടെ ഇളയ മകന്‍ അഷ്‌റഫ് പറയുന്നു. ടൗണ്‍ പോലീസിനെ സമീപിച്ചു. എങ്കിലും പിതാവ് മരിച്ചതായി സ്ഥിരീകരണം ലഭിച്ചില്ല. സിതാമാഡിയിലെ സദര്‍ ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം മുസാഫര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ വിവരവും രണ്ടു ദിവസം കഴിഞ്ഞ് ഒക്ടോബര്‍ 23നാണ് അറിഞ്ഞത്- അന്‍സാരിയുടെ മൂത്ത മകന്‍ അഖ്‌ലാഖ് പറയുന്നു.

ജില്ലാ അധികൃതര്‍ രണ്ടു ബസുകള്‍ ഏര്‍പ്പെടുത്തി നല്‍കുകയും ബന്ധുക്കളെ മൂസാഫര്‍പൂരിലേക്ക് കൊണ്ടു പോകുകയും ചെയ്തു. മൃതദഹം മുസാഫര്‍പൂരില്‍ തന്നെ ഖബറടക്കണമെന്ന നിര്‍ദേശത്തോടെയായിരുന്നു ഇത്്. ഇതും ഞങ്ങള്‍ അംഗീകരിച്ചു. ഖബറടക്കം അവിടെ തന്നെ നടത്തുകയും ചെയ്തു- അദ്ദേഹം പറഞ്ഞു. പ്രതികളെ തിരിച്ചറിയാനായി നേരത്തെ വിശ്വസനീയമല്ലെന്ന് പറഞ്ഞു തള്ളിയ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതികളെ ഞങ്ങള്‍ക്കും അറിയില്ല. അന്വേഷണം നടത്തി ഉടന്‍ പിടികൂടണമെന്നാണ് ആവശ്യം- അന്‍സാരിയുടെ മക്കള്‍ പറഞ്ഞു.

82കാരനായ അന്‍സാരിയുടെ വയസ്സ് പോസ്റ്റ് മോര്‍ട്ടം റിപോര്‍്ട്ടില്‍ പറയുന്നത് 35 വയസ്സ് പ്രായം തോന്നിക്കുന്ന തിരിച്ചറിയാത്ത മൃതദേഹം എന്നാണ്. ഇതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അഷ്‌റഫും അഖ്‌ലാഖും പറയുന്നു. ്തിരിച്ചറിയാത്ത മൃതദേഹമായിരുന്നതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വയസ്സ് രേഖപ്പെടുത്താതിരുന്നതെന്നും ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാക്കി വയസ്സ് വ്യക്തമായ ശേഷം ഇക്കാര്യം റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
 

Latest News