ഗുവാഹത്തി- അസമിലെ ജോര്‍ഹട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഒമ്പതു ദിവസത്തിനിടെ 16 നവജാത കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആന്വേഷണത്തിന് ഉത്തരവിട്ടു. നവംബര്‍ ഒന്നിനും ഒമ്പതിനുമിടയിലാണ് ഈ മരണങ്ങള്‍. കാരണം എന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചില കുട്ടികള്‍ക്ക് ജന്മനാ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ചിലര്‍ക്ക് തൂക്കക്കുറവ് ഉണ്ടായിരുന്നതായും അധികൃതര്‍ പറയുന്നു. അതേസമയം ഗുരുതര സാഹചര്യങ്ങളില്ലെന്നും അധികൃതര്‍ പറഞ്ഞു. ഉന്നത തല അന്വേഷണം സംഘം ഗുവാഹത്തിയില്‍ നിന്നും ജോര്‍ഹട്ടിലെത്തിയിട്ടുണ്ട്. ഈ സംഘത്തില്‍ യുനിസെഫ് അംഗവും ഉള്‍പ്പെടുമെന്ന് ആരോഗ്യ മന്ത്രി ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു.
ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തിലാണ് കൂട്ടമരണങ്ങള്‍ നടന്നതെന്ന് സുപ്രണ്ട് സൗരവ് ബോര്‍കകോട്ടി പറഞ്ഞു. ചികിത്സാ പിഴവുകളല്ല മരണ കാരണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിവില്‍ ഹോസ്പിറ്റലായിരുന്ന ഈ ആശുപത്രിയെ മെഡിക്കല്‍ കോളെജ് ആയി ഉയര്‍ത്തിയതിനും ശേഷം രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 141 കിടക്കകളുടെ ശേഷിയെ ഉള്ളൂവെങ്കിലും രോഗികളുടെ വര്‍ധന മൂലം കൂടുതല്‍ പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ മരണം നടന്ന കാലയളവില്‍ ഇവിടെ 84 നവജാത ശിശുക്കളാണ് ചിക്തയിലുണ്ടായിരുന്നത്. ഇവരില്‍ 16 കുഞ്ഞുങ്ങള്‍ മരിച്ചു. മരിച്ച കുട്ടികളിലധികവും മറ്റു ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്ത് എത്തിയതായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണം ആന്വേഷിക്കാന്‍ ആശുപത്രിയും ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.