ഒരു വര്‍ഷത്തിനിടെ അഞ്ചേകാല്‍ ലക്ഷത്തിലേറെ പേരെ നാടുകടത്തി
റിയാദ് - ഒരു വര്‍ഷത്തിനിടെ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും നല്‍കിയതിന് 2,964 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കാലയളവില്‍ അഞ്ചേകാല്‍ ലക്ഷത്തിലേറെ നിയമ ലംഘകരെ നാടുകടത്തുകയും ചെയ്തു. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകര്‍ക്ക് ആവശ്യമായ സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 833 സൗദികളും പിടിയിലായി. ഇക്കൂട്ടത്തില്‍ 796 പേര്‍ക്കെതിരെ തത്സമയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 37 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
പന്ത്രണ്ടു മാസത്തിനിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ 20,55,299 നിയമ ലംഘകര്‍ പിടിയിലായി. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബര്‍ 14 ന് അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘകര്‍ പിടിയിലായത്. ഇക്കൂട്ടത്തില്‍ 15,88,646 പേര്‍ ഇഖാമ നിയമ ലംഘകരും 1,48,410 പേര്‍ നുഴഞ്ഞുകയറ്റക്കാരും 3,18,243 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.