കോട്ടയം- കഴിഞ്ഞ മാസം വിവിധ ജില്ലകളിലെ എ.ടി.എമ്മുകളിൽ വൻ കവർച്ചയും കവർച്ചാ ശ്രമവും നടത്തിയ അന്തർ സംസ്ഥാന മോഷണ സംഘം പോലീസ് പിടിയിലായി. സംഘത്തിലെ രണ്ടു പ്രതികളാണ് പിടിയിലായത്. കവർച്ചയുടെ സൂത്രധാരൻ ഹനീഫ് ഖാൻ (37), സഹായി നസീം അക്ബർ (24) എന്നിവരെയാണ് പോലീസ് കോട്ടയത്തെത്തിച്ചത്. പ്രതികളെ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനോട് ചേർന്നുള്ള ഹൈടെക് സെല്ലിൽ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
അതേസമയം, ദൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തിഹാർ ജയിലിൽ റിമാന്റിൽ കഴിയുന്ന പപ്പി സിംഗിനെ (32) പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. ഇയാൾക്കായി കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പപ്പി സിംഗിനെയും പോലീസ് ഉടൻ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
അറസ്റ്റിലായ പ്രതികളെ ഇന്നലെ രാവിലെ രാജധാനി എക്‌സ്പ്രസിൽ ആലപ്പുഴയിലെത്തിക്കുകയും തുടർന്ന് റോഡ് മാർഗം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ഓഫീസിൽ കൊണ്ടുവരികയുമായിരുന്നു. പിന്നീട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിലേക്ക് മാറ്റി. ആറംഗ സംഘമാണ് കവർച്ച നടത്തിയത്. ഒളിവിൽ പോയ ബാക്കി മൂന്നുപേർക്കു വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ഹനീഫ് നിരവധി കേസുകളിൽ പ്രതിയാണ്. നസീം അക്ബർ ട്രക്ക് ഡ്രൈവറാണ്.
രാജ്യത്തെ 16 എ.ടി.എമ്മുകളിൽ കവർച്ച നടത്തിയിട്ടുള്ള പ്രതിയാണ് പപ്പി സിംഗ്. അന്വേഷണ സംഘം രാജസ്ഥാനിലെത്തിയപ്പോഴാണ് പപ്പി സിംഗ് പിടിയിലായ വിവരമറിയുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം രാജസ്ഥാൻ പോലീസിന്റെ സഹകരണത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു. ഒരു സി.ഐ, എസ്.ഐ ഉൾപ്പെടെയുള്ള ആറംഗ സംഘം കഴിഞ്ഞ 15 ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലു ദിവസം മുമ്പ് പ്രതികൾ പിടിയിലായത്. ഒക്ടോബർ 21 നാണ് കൊച്ചി, തൃശൂർ, കോട്ടയം ജില്ലകളിലെ എ.ടി.എമ്മുകൾ കേന്ദ്രീകരിച്ച് കവർച്ച നടന്നത്. ബംഗളൂരുവിൽ സംഘടിച്ച മോഷണ സംഘം വലിയ ട്രക്കുകളിലാണ് കേരളത്തിലേക്കെത്തിയത്.
കോട്ടയം മണിപ്പുഴയിൽ നിന്ന് പിക്കപ്പ് വാൻ മോഷ്ടിച്ച ശേഷമാണ് പ്രതികൾ എ.ടി.എം കവർച്ചയ്ക്കു തുടക്കമിട്ടത്. 12ന് പുലർച്ചെ കോട്ടയത്തെത്തിയ സംഘം 1.10ന് കോട്ടയം വെമ്പള്ളി, 1.35നു മോനിപ്പള്ളി, 3.24ന് ഇരുമ്പനം, 3.50ന് കളമശേരി, 4.45ന് കൊരട്ടി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ കവർച്ച നടത്തി. വെമ്പള്ളിയിലും മോനിപ്പള്ളിയിലുമുള്ള എ.ടി.എം കൗണ്ടറുകളിൽ മോഷണശ്രമം മാത്രമാണ് നടന്നത്. കവർച്ചയ്ക്ക് ശേഷം വാഹനം ഉപേക്ഷിച്ച് ലോറിയിൽ കയറി മംഗലാപുരത്തെത്തി രക്ഷപ്പെടുകയായിരുന്നു. മോഷണത്തിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞത് പോലീസ് അന്വേഷണത്തിനു സഹായകമായി. കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് 35 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഹരിയാനയിലെ കൊള്ളക്കാരുടെ കേന്ദ്രമായ മേവാത്ത് ഗ്രാമത്തിൽ ഷിക്കർപുർ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സൈബർ സെൽ ശേഖരിച്ച വിവരങ്ങൾ സംഘത്തെ പിടികൂടാൻ സഹായകമായി.
കോട്ടയം സൈബർ സെൽ അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം മണിപ്പുഴ മുതൽ ചാലക്കുടി വരെ പ്രതികൾ സഞ്ചരിച്ച ഇടങ്ങളിലെ അഞ്ചു ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. 200 ഓളം സി.സി.ടി.വി ക്യാമറകളും പരിശോധിച്ചു. അന്യസംസ്ഥാനക്കാർ താമസിക്കുന്ന കേന്ദ്രങ്ങളിൽ തുടർച്ചയായി റെയ്ഡുകൾ നടത്തി. അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കർണാടകത്തിലെ കോലാർ, ഹരിയാനയിലെ മേവട്ട്, ദൽഹി, രാജസ്ഥാനിലെ ഭരത്പുർ, ഉത്തർപ്രദേശിലെ മഥുര തുടങ്ങിയ പ്രദേശങ്ങളിൽ ആഴ്ചകളോളം താമസിച്ച് അന്വേഷണം നടത്തിയതിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.